പപ്പ കുട്ടികളെ പോലെ ഓടി റണ്ണൗട്ടായി; ഗംഭീറിന്റെ ട്രോളിന് കയ്യടി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻമാരുട ലിസ്റ്റിൽ ഗൗതം ഗൗഭീർ എന്ന താരത്തിന് എപ്പോഴും സ്ഥാനം ഉണ്ടാകും. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഒരുകാലത്ത് ടീമിനെ വിജയത്തിലേയ്ക്ക് പിടിച്ചുയർത്തിയ പ്രതിഭയെ ഫോമില്ലായ്മയും പ്രായവും ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ‌പുറത്തു നിർത്തി. കളിക്കളത്തിൽ പൊതുവെ ശാന്തനല്ല ഗംഭീർ. പലപ്പോഴും രോഷം അണപ്പൊട്ടി ഒഴുകും. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട്‌ല മൈതാനത്ത് കാണുകയും ചെയ്തു.

അമ്പയറോട് കയർക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ  പറപറന്നു. രണ്ടാം ഇന്നിംഗ്സിലും ഗംഭീറിന് അബദ്ധം പിണഞ്ഞു. അനായസ റൺ ഒൗട്ട്. ഫീൽഡറുടെ ത്രോ കണ്ട് അപകടം മണത്തു ക്രീസിൽ തിരിച്ചെത്താൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ഋഷി ധവാൻ ബെയ്ൽ ഇളക്കി കഴിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഗംഭീർ തന്നെ സ്വയം ട്രോളി രംഗത്തെത്തി. മക്കളുടെ ചിത്രം ട്വീറ്റ് ചെയ്തതായിരുന്നു ഗംഭീറിന്റെ ട്രോൾ. പപ്പ എങ്ങനെയൊണ് ശിശുദിനം ആഘോഷിച്ചത് എന്നു ചോദിച്ചാൽ കുട്ടികളെപ്പോലെ ഓടി റണ്ണൗട്ടായി എന്നു പറയാമെന്നായിരുന്നു ഈ ചിത്രത്തിനോടൊപ്പമുള്ള ഗംഭീറിന്റെ ട്രോൾ. 

ഡൽഹി-ഹിമാചൽ പ്രദേശ് മത്സരത്തിനിടെയാണ് ഗംഭീറിന്റെ നിയന്ത്രണം നഷ്ടമായത്. ഡൽഹിയെ ടോസിന്റെ ഭാഗ്യം തുണച്ചതോടെ നനായകൻ നിതീഷ് റാണ ബാറ്റിങ് തിരഞ്ഞെടുത്തു. ഹിതൻ ദലാലും ഗൗതം ഗംഭീറും ഓപ്പണറായി ഇറങ്ങിയ മത്സരത്തിൽ മികച്ച സ്കോറിലേയ്ക്ക് കുതിക്കവേ ഇടംകൈയ്യൻ സ്പിന്നർ മായങ്ക് ദാഗറിന്റെ പന്തിൽ ഗംഭീർ പുറത്തായി. 44 റൺസെടുത്തു നിൽക്കവേയാണ് പുറത്താകൽ. മിഡിൽ സ്റ്റംപ് ലക്ഷ്യമാക്കി മായങ്ക് എറിഞ്ഞ ബോൾ ഗംഭീർ മുന്നോട്ടുവന്ന് ഡിഫൻഡ് ചെയ്തു. ഇതോടെ ഹിമാചൽ താരങ്ങൾ വിക്കറ്റാണെന്ന് ആർത്തുവിളിച്ചു. ഇതിനുപിന്നാലെ അംപയർ വിക്കറ്റ് വിളിച്ചു. അത് വിക്കറ്റാണെന്ന് അംഗീകരിക്കാൻ ഗംഭീർ തയ്യാറായില്ല. ക്രീസിന്റെ പുറത്തു നിന്നും പവിലയനിലേയ്ക്കുളള വഴിയിലും ഗംഭീർ രോഷം പ്രകടപ്പിക്കുന്നത് ക്യാമകൾ ഒപ്പിയെടുക്കുകയും ചെയ്തു.