നരകത്തിൽ നന്നായുറങ്ങൂ നായ്ക്കൂ; ഇന്ത്യൻ സൈന്യത്തെ ‘ചൊറിയരുത്’: ഗംഭീർ

രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയിൽ ഒന്നാമനും പാക്ക് ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ഓപ്പറേഷനൽ കമാൻഡറുമായ റിയാസ് നായ്ക്കൂവിനെ സുരക്ഷാ സേന വധിച്ച സാഹചര്യത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒറ്റ വാചകത്തിലുള്ള കുറിപ്പ് വൈറൽ. ഭീകരരെ നേരിടുന്നതിനിടെ കേണൽ അശുതോഷ് ശർമയടക്കം 5 സേനാംഗങ്ങൾ ഞായറാഴ്ച വീരമൃത്യു വരിച്ചതിനു പിന്നാലെ കശ്മീരിലുടനീളം നടത്തിയ വ്യാപക തിരച്ചിലാണു നായ്ക്കൂവിന്റെ വധത്തിൽ കലാശിച്ചത്. ദേശ സ്നേഹമുണർത്തുന്ന ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ:

‘നരകത്തിൽ നന്നായി ഉറങ്ങൂ റിയാസ് നായ്ക്കൂ. ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ഒറ്റ വാചകം മാത്രമുള്ള പോസ്റ്റെങ്കിലും ഇതുവരെ അര ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. ആറായിരത്തോളം പേർ ഇത് റീട്വീറ്റ് ചെയ്തു.

എട്ടു വർഷം സേനയെ വെട്ടിച്ചു നടക്കുകയും, പിടിയിലാകുന്നതിൽ നിന്ന് 3 തവണ തലനാരിഴയ്ക്കു രക്ഷപ്പെടുകയും ചെയ്തിട്ടുള്ള നായ്ക്കൂവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു കേന്ദ്ര സർക്കാർ 12 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏറ്റവും അപകടകാരിയായ ഭീകരൻ എന്ന ഗണത്തിലാണ് (എ ++) ഇയാളെ ഉൾപ്പെടുത്തിയിരുന്നത്. ഗണിത അധ്യാപകനായിരുന്ന ഇയാൾ 2012 ലാണു ഭീകരംഘത്തിലെത്തിയത്.  2016 ൽ ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെ, സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത സാക്കിർ മൂസയുടെ വലംകയ്യായി. 2017 ൽ അൽ ഖായിദയുമായി ചേർന്ന് സാക്കിർ സ്വന്തം സംഘടനയുണ്ടാക്കിയതോടെ, ഹിസ്ബുൽ മേധാവിയായി.