എന്നിട്ടുമെന്തിന് 70 വർഷമായി കശ്മീരിനായി യാചിക്കുന്നു?; അഫ്രീദിയുടെ വായടപ്പിച്ച് ഗംഭീർ

ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി വീണ്ടും സജീവമായ ഷാഹിദ് അഫ്രീദിക്ക് കടുത്ത ഭാഷയിൽ തന്നെ മറുപടി കൊടുത്ത് മുൻ ഇന്ത്യൻ താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ അഫ്രീദിയുടെ പ്രസ്താവനകളെ വിമർശിച്ച ഗംഭീർ, ബംഗ്ലദേശിന്റെ കാര്യം ഓർമയിലുണ്ടാകണമെന്നും പരിഹസിച്ചു. ഏഴു ലക്ഷത്തോളം വരുന്ന പാക്കിസ്ഥാൻ ആർമിക്ക് പാക്കിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെയും ഗംഭീർ പരിഹസിച്ചു.

അടുത്തിടെ പാക്ക് അധീന കശ്മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘ഇന്നിതാ ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്’ – അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു.

രൂക്ഷമായ ഭാഷയിലാണ് ഗംഭീർ ഇതിനോടു പ്രതികരിച്ചത്. ‘20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാക്കിസ്ഥാനുണ്ടെന്നാണ് 16 വയസ്സുകാരനായ ഷാഹിദ് അഫ്രീദിയുടെ അവകാശവാദം. എന്നിട്ടും കഴിഞ്ഞ 70 വർഷമായി അവർ കശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്‌വ തുടങ്ങിയവർ ഇന്ത്യയ്‍‌ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാക്കിസ്ഥാനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും വിധി ദിവസം വരെ കശ്മീർ കിട്ടുമെന്ന് കരുതേണ്ട. ബംഗ്ലദേശ് ഓർയുണ്ടല്ലോ അല്ലേ?’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു.