എളിമയോടെ പെരുമാറൂ; ആരാധകനോട് അരിശപ്പെട്ട കോഹ്‌‌ലിയോട് ബിസിസിഐ

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് മാന്യമായി പെരുമാറാന്‍ ഉപദേശിച്ച് ബി.സി.സി.ഐ ഭരണ സമിതി. മാധ്യമങ്ങളോടും ആരാധകരോടും നല്ലരീതിയില്‍ പെരുമാറണമെന്ന് ഉപദേശിച്ചതായാണ് വിവരം. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായാണ് നിര്‍ദേശമെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.

വിഡിയോ സംവാദത്തിനിടെ ആരാധകനോട് രാജ്യം വിടാൻ പറഞ്ഞതിന്റെ പേരിലാണ് ബിസിസിഐയുടെ മുന്നറിയിപ്പ്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ് സംഭവത്തിൽ ഇടപെട്ടത്. മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുള്ള ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും കുറച്ചുകൂടി എളിമയോടെ പെരുമാറാനും ഭരണസമിതി കോഹ്‍ലിയോടു നിർദ്ദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയൻ, ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെയാണ് തനിക്കിഷ്ടം എന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ‘ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല താങ്കൾ’ എന്നു തിരിച്ചടിച്ചാണ് വിരാട് കോഹ്‌ലി വിവാദത്തിൽ ചാടിയത്. തന്റെ പേരിലുള്ള പുതിയ ആപ്പിലൂടെയാണ് കോഹ്‌ലി ആരാധകനെതിരെ പ്രതികരിച്ചത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ക്രിക്കറ്റ് ലോകത്തിന് പുറത്തു നിന്നും കോഹ്‌ലിയ്‌ക്കെതിരെ വിമര്‍ശനം കനത്തിരുന്നു. എന്നാല്‍, ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചതാണ് തന്നെ പ്രകോപിതനാക്കിയതെന്നായിരുന്നു കോഹ്‌ലിയുടെ വിശദീകരണം.

ഇന്ത്യന്‍ താരങ്ങളെ ഇഷ്മല്ലെങ്കില്‍ രാജ്യം വിട്ടുപോകണമെന്ന കോഹ്‌ലിയുടെ വിവാദ പ്രസ്താവന വന്‍ ആരാധക രോഷത്തിനാണ് തിരി കൊളുത്തിയത്. ഹര്‍ഷ ഭോഗ്‌ലെ അടക്കം ഇന്ത്യന്‍ നായകനെതിരെ രംഗത്തെത്തിയിരുന്നു. അവസാനം തന്റെ വാക്കുകള്‍ ഗൗരവത്തിലെടുക്കരുതെന്ന് പറഞ്ഞ് കോഹ്‌ലി തടിയൂരി. ഇതിന് പിന്നാലെയാണ് മാന്യമായി പെരുമാറണമെന്ന് ഭരണസമിതി കോഹ്‌ലിയെ നിര്‍ദേശിച്ചത്. എന്നാല്‍ കോഹ്‌ലിയുടെ മറുപടി എന്തായിരുന്നുവെന്നതില്‍ വ്യക്തതയില്ല. ഓസ്ട്രേലിയയിലേക്ക് തിരിക്കും മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യ മുതിരില്ലെന്നും കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും വിരാട് പറ‍ഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ 2008–ലെ മങ്കി ഗേറ്റ് വിവാദത്തിന് ശേഷം ഏറ്റുമുട്ടിയ ഒട്ടുമിക്ക മല്‍സരങ്ങളിലും ഇരുടീമുകളും പരസ്പരം ഉരസിയിട്ടുണ്ട്. ബെംഗളൂരുവില്‍ അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റിവ്യൂ തീരുമാനമെടുക്കാന്‍ സഹായത്തിനായി ഡ്രെസിങ് റൂമിലേക്ക് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നോക്കിയത് ഏറെ വിവാദമായിരുന്നു. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്‍പേ നിര്‍ദേശവുമായി ഭരണ സമിതി രംഗത്തെത്തിയത്.