നീലക്കടുവകളുടെ വിധി മാറ്റിയെഴുതി റോഡ്രിഗസ്–ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം

വനിതാ ട്വന്റി–20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ന്യൂസീലന്‍ഡിനെ 34 റണ്‍സിന് തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 160  റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ട്വന്റി–20 ലോകകപ്പിലെ ഉയര്‍ന്ന സ്കോറാണ് ഇത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം.

പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് ലീ തഹുഹു ഇന്ത്യയെ ഞെട്ടിച്ചു. സ്മൃതി മന്ദാനയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത് രണ്ട് റണ്‍സ് മാത്രം. എന്നാല്‍ 134 റണ്‍സ് അടിച്ചെടുത്ത ജമീമ റോഡ്രിഗസ്–  ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം നീലക്കടുവകളുടെ വിധി മാറ്റിയെഴുതി. ആദ്യവിശ്വപോരില്‍ തന്നെ അര്‍ധസെഞ്ചുറി തികച്ച ജെമീമ 44 പന്തില്‍ നിന്ന് 59 റണ്‍സെടുത്താണ് പുറത്തായത്. ഇതോടെ ടീമിന്റെ ഉത്തരവാദിത്തം തോളിലേറ്റിയ ഹര്‍മന്‍ കിവീസ് ബോളര്‍മാരെ അതിര്‍ത്തികടത്തി അടിച്ചെടുത്തത് സെഞ്ചുറി. 

ടി–20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് ഹര്‍മന്‍. 8 സിക്സറും 7 ഫോറുമടക്കം 103 റണ്‍സാണ് അക്കൗണ്ടില്‍ ചേര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് അതിവേഗം റണ്‍റേറ്റ് ഉയര്‍ത്തി. 6–ാം ഓവറില്‍ സ്കോര്‍ 50 കടന്നു. എന്നാല്‍ അന്നാ പീറ്റേഴ്സനെ പറഞ്ഞയച്ച് ഹേമലത ഇന്ത്യയെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒരറ്റത്ത് പതറാതെ പിടിച്ചു നിന്ന സൂപ്പര്‍ ബാറ്റര്‍ സൂസി ബേറ്റ്സിനെ   67 റണ്‍സിന് പുറത്താക്കി അരുദ്ധതി റെഡി മല്‍സരം ഇന്ത്യന്‍ വരുതിയിലാക്കി. പൂനം യാദവും അരങ്ങേറ്റ മല്‍സരത്തിനിറങ്ങിയ ഹേമലതയും മൂന്ന് വിക്കറ്ര് വീതം പിഴുതു.