ഐപിഎല്ലിൽ ബോളർമാർ കളിക്കേണ്ട; കോഹ്‌ലിയുടെ മനസിലെന്ത് ?

ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ പേസ് ബോളര്‍മാര്‍ ഈ സീസണില്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തവര്‍ഷം മേയ് 30മുതല്‍ ജൂലൈ പതിനാലുവരെയാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. ഇംഗ്ലണ്ടിലാണ് ലോകകപ്പ്. അവിടെ പേസ് ബോളര്‍മാര്‍ക്ക് അനുകൂലമായ പിച്ചായതിനാല്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് വിശ്രമം വേണമെന്നാണ് ക്യാപ്റ്റന്റെ നിലപാട്. എന്നാല്‍ ബാറ്റ്സ്ന്മാര്‍ക്ക് വിശ്രമം വേണമോ വേണ്ടയോ എന്ന് ക്യാപ്റ്റന്‍ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ക്യാപ്റ്റന്റെ നിര്‍ദേശം. കോഹ്‌ലിക്കൊപ്പം രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും യോഗത്തില്‍ പങ്കെടുത്തെങ്കിലും ബാറ്റ്സ്ന്മാരുടെ കാര്യത്തില്‍‌ മൗനം പാലിച്ചു.

ഐപിഎല്‍ കളിച്ചാല്‍‌ കുഴപ്പമുണ്ടോ?

ഏപ്രില്‍ ആദ്യവാരം തുടങ്ങുന്ന ഐപിഎല്‍ മേയ് മൂന്നാംവാരം ആണ് അവസാനിക്കുന്നത്. മേയ് 30മുതല്‍ ഇംഗ്ലണ്ടില്‍ ലോകകപ്പും തുടങ്ങും. ഐപിഎല്ലില്‍ സീസണ്‍ മുഴുവന്‍ കളിച്ചാല്‍ പേസ് ബോളര്‍മാര്‍ക്ക് പരുക്കേല്‍ക്കാനും അധികമല്‍സരങ്ങളുടെ ഭാരത്താല്‍  ക്ഷീണിതരാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്യാപ്റ്റന്‍ ബോളര്‍മാര്‍ക്ക് വിശ്രമം വേണമെന്ന് നിര്‍ദേശം വച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ ബോളര്‍മാരുടെ പ്രകടനം നിര്‍ണായകം ആയിരിക്കും. 

വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഇറങ്ങിയാല്‍ തിരിച്ചടി ഉണ്ടാവും. ബോളര്‍മാര്‍ക്ക് വിശ്രമം വേണമെന്ന് നിര്‍ദേശിക്കുന്ന ക്യാപ്റ്റന്‍ ബാറ്റ്സ്ന്മാരുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു. ഇന്ത്യയിലെ ബാറ്റിങ്ങിനും സ്പിന്നിനും അനുകൂലമായ സാഹചര്യത്തില്‍ കളിക്കുന്ന ബാറ്റ്സ്ന്മാര്‍ ഇംഗ്ലണ്ടിലെ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. പന്ത് സ്വിങ് ചെയ്തെത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ്ങ് നിര പതറുന്നത് ഇക്കഴി‍‍ഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും കണ്ടു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ബോളര്‍മാരാണ് തിളങ്ങിയത് മോശമാക്കിയത് ബാറ്റ്സ്ന്മാരും. വേണ്ടത്ര ഒരുക്കമില്ലാതെ ഇംഗ്ലണ്ടില്‍‌ കളിക്കേണ്ടി വരുന്നത് ലോകകപ്പില്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കും. 

മറ്റുടീമുകള്‍ എന്താണ് ചെയ്യുന്നത് ?

ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഐപിഎല്‍ കളിക്കാന്‍ താരങ്ങളെ അനുവദിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ 30ന് ലോകകപ്പിനുള്ള പരിശീലന ക്യാംപില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസീലന്‍ഡ് തുടങ്ങിയ ‌രാജ്യങ്ങളും തങ്ങളുടെ കളിക്കാരെ സീസണ്‍ മുഴുവന്‍ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലായതിനാല്‍ പരിശീലന മല്‍സരങ്ങള്‍ കളിക്കാനായി ടീമുകള്‍ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തുമെന്നാണ് സൂചന.

ഇന്ത്യയുടെ പേസ് ബാറ്ററി

ഭുവനേശ്വര്‍ കുമാര്‍ 95 ഏകദിനങ്ങളില്‍ നിന്ന് 99 വിക്കറ്റോടെ കൂടുതല്‍ അനുഭവസമ്പത്തുള്ള താരമായി നില്‍ക്കുന്നു. 52ഏകദിനങ്ങളില്‍ നിന്ന് 94 വിക്കറ്റോടെ മുഹമ്മദ് ഷാമിയും 44മല്‍സരങ്ങളില്‍ നിന്ന് 78വിക്കറ്റോടെ ജസ്പ്രീത് ബുംറയും 75മല്‍സരങ്ങളില്‍ നിന്ന് 106വിക്കറ്റോടെ ഉമേഷ് യാദവും ആറുമല്‍സരങ്ങളില്‍ നിന്ന് 11വിക്കറ്റോടെ ഖലീല്‍ അഹമ്മദും ഇന്ത്യയുടെ പേസ് നിരയെ ചാര്‍ജാക്കി നിര്‍ത്തുന്നു.