രാജ്യം വിടൽ പരാമർശം; 'ഒന്ന് മയപ്പെടുത്തി ട്രോളൂ': പ്രതികരിച്ച് കോഹ്‌ലി

ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിടണമെന്ന പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി വിരാട് കോഹ്‌ലി. ഇന്ത്യൻ താരങ്ങളെക്കുറിച്ച് സംസാരിച്ചതിലുള്ള പ്രതികരണം മാത്രമാണ് താൻ പ്രകടിപ്പിച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പമാണ് താനെന്നും ഒന്ന് മയപ്പെടുത്തി ട്രോളണമെന്നും ട്വീറ്റിലൂടെ കോഹ്‍ലി വ്യക്തമാക്കി.

'ഞാൻ ട്രോൾ ചെയ്യാറില്ല. അതുകൊണ്ട് സ്ഥിരം ട്രോൾ ചെയ്യപ്പെടാറുണ്ട്. ആ കമന്റിൽ ഇന്ത്യൻ താരങ്ങളെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തിനൊപ്പമാണ് ഞാൻ.''

വിരാട് കോഹ്‍ലിയുടെ ഔദ്യോഗിക ആപ്പ് ലോഞ്ചിന്റെ ഭാഗമായുള്ള ലൈവിനിടെയാണ് വിവാദപരാമർശം. ഓസ്ട്രേലിയൻ, ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെയാണ് തനിക്കിഷ്ടം എന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ‘ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല താങ്കൾ’ എന്നാണ് കോഹ്‍ലി മറുപടി നൽകിയത്. 

30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്നാണ് കോഹ്‍ലിയെ പ്രകോപിപ്പിച്ചത്. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം. 

ഇതു വായിച്ച കോഹ്‌ലി ‘‘ഒകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്...’’ എന്നിങ്ങനെ പറയുന്നതാണ് വിഡിയോയിലുള്ളത്. പ്രതികരണത്തിന് പിന്നാലെ കോഹ്‌ലിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.