സ്കൂള്‍ കായികമേള; കൗമാരപ്രതിഭകളുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി

സംസ്ഥാന സ്കൂള്‍ കായികമേള ഇന്നവസാനിക്കാന്‍ ഇരിക്കെ കൗമാരപ്രതിഭകളുടെ ഇതുവരെയുള്ള പ്രകടനം ശരാശരിയില്‍ ഒതുങ്ങി. റെക്കോഡുകള്‍ അപൂര്‍വമായി മാറിയ 62ാമത് കായികോത്സവത്തില്‍ പിറന്നത് നാല് റെക്കോഡുകള്‍ മാത്രം.

69 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പിറന്നത് മൂന്നുവ്യക്തിഗത റെക്കോഡുകള്‍ മാത്രം. എല്ലാഇനങ്ങളിലും ഒന്നാംസ്ഥാനക്കാര്‍ വന്നു എന്നത് മാറ്റിനിര്‍ത്തിയാല്‍ മികവാര്‍ന്ന പ്രകടം വിരളമായി.  സംസ്ഥാന ജൂനിയര്‍  മീറ്റിലെ റെക്കോഡുകാരന്‍ അനന്തുവിജയന്‍ 400മീറ്റര്‍ ഫ്ലാറ്റിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും പരാജയമറിഞ്ഞു.പുതിയവര്‍ ജയിച്ചിട്ടുണ്ട്. പക്ഷേ അതില്‍ എടുത്തുപറയത്തക്ക ഒന്നുമില്ല. ആഘോഷങ്ങള്‍ ഇല്ലാതായതുകൊണ്ടാകാം തിളക്കം കുറഞ്ഞെന്ന് വിമര്‍ശകര്‍. കായികോത്സവം മൂന്നുദിവസമാക്കിചുരുക്കിയപ്പോള്‍ കുട്ടികള്‍ ഓടിയും ചാടിയും തളര്‍ന്നെന്ന് ഒളിംപ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശം. സ്പ്രിന്റില്‍ ഹിറ്റ്സും, സെമിയും,ഫൈനലും ഒപ്പം റിലേയും ഒരേദിവസം പൊരിവെയിലില്‍ ഓടിയത് പ്രകടനത്തെബാധിച്ചെന്നും വിലയിരുത്തലുണ്ടായി. 100മീറ്ററില്‍ ഒരു റെക്കോഡ് പോലും പിറന്നില്ല. ദേശിയതലത്തില്‍ തന്നെ കേരളത്തിന്‍റെ കരുത്തായ 400 മീറ്റര്‍ മത്സരം ശരാശരിക്കപ്പുറം പോയില്ല. മുന്‍ വര്‍ഷങ്ങളില്‍ ജൂനിയര്‍ ദേശിയറെക്കോഡിനേക്കാള്‍ മികവുകാട്ടിയവരാണ് കൗമാര താരങ്ങള്‍. അവരുടെ പിന്‍മുറക്കാരാണിങ്ങനെ കിതക്കുന്നത്.