പ്രളയബാധിതർക്ക് സ്വന്തം ടെന്നീസ് അക്കാദമിയിൽ അഭയമേകി നദാൽ

സ്പെയിനിലെ പ്രളയബാധിതര്‍ക്ക് സ്വന്തം ടെന്നിസ് അക്കാദമി തുറന്നുകൊടുത്ത് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ . അഞ്ഞുറോളം ദുരിതബാധിതരാണ് മയോര്‍ക്ക ദ്വീപിലെ റാഫേല്‍ നദാല്‍ അക്കാദമിയില്‍ കഴിയുന്നത്. 

റാഫേല്‍ നദാലിന്റെ ജന്‍മനാടായ മയ്യോര്‍ക്ക ദ്വീപിനെ ഒറ്റരാത്രികൊണ്ടാണ് പ്രളയജലം വിഴുങ്ങിയത്. ആയിരങ്ങളുടെ വീടും സമ്പാദ്യവുമെല്ലാം പ്രളയത്തില്‍ ഇല്ലാതായി. ഇതോടെയാണ് മയ്യോര്‍ക്ക ദ്വീപിലെ നൂറ് ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം അക്കാദമി നദാല്‍ പ്രളയബാധിതര്‍ക്കായി തുറന്നുകൊടുത്തത്. 

അഞ്ഞുറിലേറെപ്പേരാണ് അക്കാദമയില്‍ അഭയംതേടിയത്.  മണ്ണും ചെളിയും അടിഞ്ഞ വീടുകള്‍ വൃത്തിയാക്കാനും നദാല്‍ മുന്നിട്ടിറങ്ങി. നദാലിനും ദുരിതബാധികര്‍ക്കും പിന്തുണയറിയിച്ച് റോജര്‍ ഫെഡററും രംഗത്തെത്തി . മൂന്നു വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ പത്തുപേരാണ് സ്പെയിനിലെ അവധിക്കാല ദ്വീപായ മയ്യോര്‍ക്കയിലെ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടത് .