ഫിനിഷറെന്ന നിലയിൽ ധോണിയുടെ കാലം കഴിഞ്ഞു; കുംബ്ലെ

മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവ് നൽകിയ ഇതിഹാസതാരം. ഇന്ത്യയ്ക്ക് ഏകദിന, ട്വൻടി 20 ലോകകപ്പുകളിൽ മുത്തമിടാൻ ഭാഗ്യം ഒരുക്കി കൊടുത്ത പ്രതിഭാധനനായ താരം. ബെസ്റ്റ് ഫിനിഷറെന്ന് ലോകം വാഴ്ത്തിയ ഇതിഹാസ താരം നാണക്കേടിന്റെ വക്കിലാണ്. മെല്ലെപ്പോക്ക് ശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വഴി തെളിയിക്കുന്നു. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിൽ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേട് പോലും ധോണിക്കുണ്ടായി. 

വിമർശനങ്ങൾക്കും കളിയാക്കലുകൾക്ക് ഇടയിലാണ് ഒരു കാലത്ത് ആരാധകർ നെഞ്ചോട് ചേർത്ത വച്ച് ഇന്ത്യയുടെ അഭിമാന താരം.  ഇതിഹാസതാരങ്ങൾ വരെ ധോണിക്കു നേരേ തിരിഞ്ഞു കഴിഞ്ഞു. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടുനിർത്തുന്നതാകും നല്ലത് എന്ന അഭിപ്രായം പല കോണുകളിൽ നിന്ന് തന്നെ ഉയർന്നു കഴിഞ്ഞു. എം,എസ് ധോണിയുടെ കാലം കഴിഞ്ഞൂവന്നും ഇനി അദ്ദേഹത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായി സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് വിവാദമായിരുന്നു. 

ധോണിക്കു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന സഞ്ജയുടെ വാക്കുകൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് ഇതിഹാസതാരം അനിൽ കുംബ്ലെയാണ്. മുന്‍പത്തെ പോലെ ഒരു ഫിനിഷര്‍ എന്ന രീതിയില്‍ ധോണിയെ കാണാന്‍ കഴിയില്ലെന്നാണ് അനിൽ കുബ്ലെയുടെ വാദം.മധ്യനിര കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. ഫിനിഷറുടെ റോൾ മറ്റൊരാൾ ഏറ്റെടുക്കണം. ധോണിയെ സമ്മർദങ്ങളില്ലാതെ കളിക്കാൻ വിടണം– കുബ്ലെ പറഞ്ഞു. 

ഏഷ്യാകപ്പിൽ വിക്കറ്റിനു പിന്നിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ബാറ്റിങ്ങിൽ പരാജമായിരുന്നു. ഏഷ്യാ കപ്പിലെ നാല് ഇന്നിങ്സുകളില്‍നിന്നായി 77 റണ്‍സാണ് ധോണിയുടെ ആകെ സമ്പാദ്യം. മധ്യനിരയിലും വാലറ്റത്തുമുള്ള പോരായ്മ പരിഹരിക്കുകയാകും ലോകകപ്പിന് മുന്‍പ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി.