പോരാട്ടവീര്യം കാട്ടി ഇതാ അഫ്ഗാൻ ; ഇന്ത്യ വിറച്ച ആ അവസാന ഓവർ, ആ പന്ത്: വിഡിയോ

എന്തൊരു മത്സരമായിരുന്നു. പോരാട്ടവീര്യത്തോടെ ജയത്തെക്കാൾ വിലയുളള സമനിലയുമായി അഫ്ഗാൻ എഷ്യാകപ്പിൽ നിന്നും പുറത്തായി ഒപ്പം ചരിത്രത്തിലും അനേകായിരങ്ങളുടെ ഹൃദയങ്ങളിലും ഇടം നേടുകയും ചെയ്തു. 'അപ്രധാന' മത്സരമെന്നും കുഞ്ഞൻമാരെന്നുമുളള വിലയിരുത്തലിന് തോൽവിയേക്കാൾ ഭാരമുളള സമനില പ്രഹരം നൽകിയാണ് അഫ്ഗാൻ പകരം വീട്ടിയത്.

കുഞ്ഞൻമാരെന്നും കുട്ടികളെന്നും വിളിക്കല്ല പോരാളികൾ എന്നു തന്നെ വിളിക്കണമെന്ന് ഈ എഷ്യാകപ്പിൽ ഹോങ്കോങും അഫ്ഗാനിസ്ഥാനും വിളിച്ചു പറയുന്നു. ഇരുവരും വിറപ്പിച്ചു വിട്ടത് ഇന്ത്യയെയാണ് ക്രിക്കറ്റിന്റെ തലതൊട്ടപ്പൻമാരെ. പരിചയ സമ്പത്തില്ലാത്തതു കൊണ്ടുമാത്രമാണ് ഇരുരാജ്യങ്ങൾക്ക് ഇന്ത്യയ്ക്കു മേൽ വിജയറൺ കുറിക്കാൻ കഴിയാതെ പോയതും. 

അഫ്ഗാന് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് ഏഷ്യാ കപ്പില്‍ പിറന്നത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ സമനിലയില്‍ തളച്ചു. സ്‌കോര്‍ ഒപ്പം നില്‍ക്കെ രവീന്ദ്ര ജഡേജയെ പുറത്താക്കിയാണ് അഫ്ഗാന്‍ വിജയതുല്യമായ സമനില ആഘോഷിച്ചത്. സ്കോർ ഒപ്പം നിൽക്കേ ഒരു പന്ത് ശേഷിക്കേ റാഷിദ് ഖാന്റെ പന്തില്‍ ജഡേജ പുറത്താവുകയായിരുന്നു. അനായാസ ജയം ഇന്ത്യ വിട്ടുകളയുകയും ചെയ്തു. ഒരു റൺസെടുത്ത് ജയിക്കാമായിരുന്ന മത്സരത്തിൽ സികസറിനു ശ്രമിച്ചാണ് ജഡേജ പുറത്തായത്. റാഷിദിന്റെ ബാക്ക് ഓഫ് ലെങ്ത് പന്ത് പുള്‍ ചെയ്യാനുള്ള ജഡേജയുടെ ശ്രമം പാളി. മിഡ് വിക്കറ്റില്‍ നജീബുള്ള സദ്രാന് ക്യാച്ച്. അഫ്ഗാന്‍ ക്രിക്കറ്റിന് ചരിത്ര മുഹൂർത്തം. സെഞ്ചുറി കൂട്ടുകെട്ടോടെ ഇന്ത്യ തുടങ്ങിയെങ്കിലും മധ്യനിര തകർന്നു. ഓപ്പണർമാരായ കെ.എൽ രാഹുൽ (60), അമ്പാട്ടി റായുഡു (57), ദിനേഷ് കാർത്തിക് (44) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജയാണ് (25) ഇന്ത്യയെ  വിജയത്തിന് അടുത്തെത്തിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ ഓവർ മുതൽ തകർത്തടിച്ചു. അരങ്ങേറ്റക്കാരൻ ദീപക് ചാഹർ എറിഞ്ഞ നാലാം ഓവറിൽ 17 റൺസാണു ഷഹ്സാദ് നേടിയത്. കൂട്ടാളിയായ ജാവേദ് അഹ്മദിയെ മറുവശത്തു കാഴ്ചക്കാരനായി നിർത്തി സ്കോർ ഉയർത്തിയ ഷഹ്സാദ് പത്താം ഓവറിൽ അർധ സെഞ്ചുറി തികച്ചു. അഞ്ചു റൺസെടുത്ത അഹ്മദി 13–ാം ഓവറിൽ പുറത്താകുമ്പോൾ അഫ്ഗാൻ 65 റൺസിലെത്തിയിരുന്നു. പിന്നീട് തുടരെ വിക്കറ്റെടുത്ത ഇന്ത്യ കളി വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ഷഹ്സാദ് തകർത്തടിച്ചു മുന്നേറി. 29–ാം ഓവറിൽ ചഹാറിനെ ബൗണ്ടറിയടിച്ച് ഷഹ്സാദ് ഏകദിനത്തിലെ തന്റെ അഞ്ചാം സെഞ്ചുറിയും തികച്ചു. വേണ്ടിവന്നത് 88 പന്തുകൾ. കേദാർ ജാഥവിനെ അതിർത്തി കടത്താനുള്ള ശ്രമത്തിനിടെ ലോങ് ഓഫിൽ ദിനേശ് കാർത്തികിനു ക്യാച്ച് സമ്മാനിച്ചാണ് ഒടുവിൽ ഷഹ്സാദ് വീണത്.പിന്നീട് മുഹമ്മദ് നബിയും റൺസ് നേടിത്തുടങ്ങിയതോടെ 44 ഓവറിൽ ആറു വിക്കറ്റിന് 226 റൺസ് എന്ന സ്കോറിൽ അഫ്ഗാനിസ്ഥാൻ എത്തിയതാണ്. എന്നാൽ നബിയെ മടക്കിയ ഖലീൽ അഹമ്മദ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. അവസാന ഓവറുകളിൽ റാഷിദ് ഖാന് റൺസ് നേടാനാകതെവന്നതോടെ അഫ്ഗാൻ സ്കോർ 252ൽ അവസാനിച്ചു. ഏഷ്യകപ്പിൽ തൊട്ടുമുൻപത്തെ മത്സരത്തിൽ ഹോങ്കോങിൽ നിന്ന് കിട്ടിയ ശക്തമായ പ്രഹരത്തിൽ നിന്ന് ഇന്ത്യ കരകയറുന്നതിനു തൊട്ടുമുൻപായിരുന്നു അഫ്ഗാനിസ്ഥാനും ഇന്ത്യയെ ഞെട്ടിച്ചത്.  ചരിത്രനേട്ടം സ്വന്തമാക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചുവെങ്കിലും അവസാനം ഹോങ്കോങ് കീഴടങ്ങുകയായിരുന്നു.