മാന്യര്‍ സ്ത്രീവിഷയത്തിലും മുൻപിൽ’‍; സച്ചിനെതിരെ വീണ്ടും ശ്രീ റെഡ്ഡി; തിളച്ച് ആരാധകരോഷം

തുടർച്ചയായ ലൈംഗികരോപണങ്ങൾക്കിടയിൽ സച്ചിനെ തൊട്ടതോടെ ആരാധകരോഷം താങ്ങാകാനാതെ നടി ശ്രീറെഡ്ഡി. മലയാളികൾ അടക്കമുളള സമൂഹമാധ്യമപ്പട പൊങ്കാലയുമായി ശ്രീയുടെ ഫെയ്സ്ബുക്ക് പേജിൽ കയറിയതോടെ കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് ശ്രീ റെഡ്ഡി. നുണപറയുന്നതും കഥകൾ മെനഞ്ഞുണ്ടാക്കുന്നതും എന്റെ ജോലിയല്ല. നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ തളളിക്കളയാം. ഞാൻ പറയുന്നതെല്ലാം വിശ്വസിക്കാൻ ഞാൻ ആരെയും നിർബന്ധിക്കുന്നില്ല. എന്നാൽ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്– ഫെയ്സ്ബുക്കിൽ കുറിപ്പിലൂടെയായിരുന്നു വിശദീകരണം. 

മാന്യമായ പെരുമാറ്റവും അതിവിനയവും കൊണ്ട് ഒരാൾ സത്യസന്ധനാണെന്ന് മറ്റുളളവർക്കു തോന്നാമെങ്കിലും നല്ല പ്രതിച്ഛായ സൃഷ്ടിക്കുന്ന, സാമൂഹിക പ്രവർത്തനങ്ങളിൽ മുൻപിൽ ഉളള ഇവർ സ്ത്രീവിഷയങ്ങളിലും മുൻപന്തിയിലായിരിക്കും– ശ്രീ റെഡ്ഡി പ്രതികരിച്ചു.  പ്രശ്സ്തിക്കു വേണ്ടി കഥയുണ്ടാക്കുന്ന ആളല്ല ഞാൻ. എനിക്ക് അതിന്റെ ആവശ്യവും ഇല്ല. വേണമെങ്കിൽ വിശ്വസിക്കാം. ഞാൻ പറഞ്ഞത് സത്യമാണ്– ശ്രീ റെഡ്ഡി ഫെയ്സ്ബുക്കിൽ കുറിപ്പിൽ പറഞ്ഞു. 

നടിയെ ചീത്തവിളിച്ചു കൊണ്ട് മലയാളിപ്പട ഫെയ്സ്ബുക്ക് പേജ് വളഞ്ഞതോടെയാണ് വിശദീകരണവുമായി ശ്രീറെഡ്ഡി രംഗത്തു വന്നത്. സച്ചിൻ ഒരു വികാരമാണെന്നും നീ തീർന്നെന്നുമുളള മലയാളത്തിലുളള കമന്റുകൾ നിറയുകയാണ് ശ്രീയുടെ പേജിൽ. 

'സച്ചിൻ തെൻഡുൽക്കാരൻ എന്ന റൊമാന്റിക്കായ വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ചാർമിങ് സുന്ദരിയുമായി പ്രണയത്തിലായി...ഇതിന് മധ്യസ്ഥത നിന്നത് ഉന്നതനായ ചാമുണ്ഡേശ്വർ സ്വാമിയും...മഹാന്മാരായ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം..ഞാനുദ്ദേശിച്ചത് നന്നായി പ്രണയിക്കാൻ അറിയാമെന്നാണ്.' ഇതാണ് ശ്രീറെഡ്ഢി ഫെയ്സ്ബുക്കിൽ കുറിച്ചത്. ശ്രീയുടെ കുറിപ്പൊടെ താരത്തിനെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയത്. 

സച്ചിന്‍ തെൻഡുല്‍ക്കര്‍ എന്ന പേരിന് പകരം തെൻഡുല്‍ക്കാരന്‍ എന്നാണ് ശ്രീറെഡ്ഢി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചാർമിങ് സുന്ദരി എന്ന് പറഞ്ഞിരിക്കുന്നത് തെന്നിന്ത്യന്‍ നടി ചാർമിയെ ആണന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിനെയാണ് ചാമുണ്ഡേശ്വര സ്വാമി എന്ന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങിൽ ചാർമിയും ചാമുണ്ഡേശ്വർ നാഥും പങ്കെടുത്തിരുന്നു. 

ഇതുവരെ ശ്രീറെഡ്ഢി നടത്തിയ ആരോപണങ്ങളെക്കാള്‍ വലിയ പ്രതികരണമാണ് പുതിയ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. തെൻ‍ഡുൽക്കറെ വെറുതെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ട എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. നേരത്തെ നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവർക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി ശ്രീറെഡ്ഢി എത്തിയരുന്നു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ പൊതു റോഡിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചും ശ്രീറെഡ്ഢി വാർത്തകളിൽ ഇടം നേടിയിരുന്നു.