അംപയറിൽ നിന്ന് ധോണി മാച്ച്ബോൾ വാങ്ങിയതെന്തിന്; ഉത്തരവുമായി രവിശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചോദ്യം ഇതായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യം സഹിതമാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്. 2014 ലെ മെൽബൺ ടെസ്റ്റിൽ ജയിക്കാതിരുന്നിട്ടും സ്റ്റംപുമായി മടങ്ങിയ ധോണി തൊട്ടുപിന്നാലെ ടെസ്റ്റിൽനിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് ഏകദിനത്തിലും ആവർത്തിക്കുമോയെന്നായിരുന്നു പലരുടെയും സംശയം.

ഇംഗ്ലണ്ടുമായുളള രണ്ടാം ഏകദിനത്തിൽ ധോണിയുടെ ബാറ്റിങ്ങിലെ മെല്ലപ്പോക്ക് കണ്ട് നിരാശരായ കാണികൾ ഗ്യാലറിയിൽനിന്നും കൂകി വിളിച്ചിരുന്നു. ഇത് ധോണിയുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ചിലർ പറയുന്നത്. എന്നാൽ എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അംപയറിൽനിന്ന് ചോദിച്ചുവാങ്ങിയ പന്ത് ബോളിങ് പരിശീലകൻ ഭരത് അരുണിനെ കാണിച്ച് അതിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യമത്രേ.

ആ പന്ത് ചോദിച്ചു വാങ്ങിയത് ഭരത് അരുണിനെ കാണിക്കാനായിരുന്നു. പന്തിൽ വന്ന മാറ്റങ്ങൾ അപഗ്രഥിച്ച് പിച്ചിനെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യം – രവി ശാസ്ത്രി പറഞ്ഞു. ധോണി കുറേക്കാലത്തേക്കു കൂടി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ധോണി എവിടേക്കും പോകുന്നില്ല. ഉടൻ വിരമിക്കുന്നില്ല – രവി ശാസ്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ധോണിയുടെ ബാറ്റിങ് ഏറെ വിമർശിക്കപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക് 2-1ന് നഷ്ടമായിരുന്നു. പരമ്പരയില്‍ ഇന്ത്യ തോറ്റ രണ്ട് മത്സരങ്ങളില്‍ 59 പന്തില്‍ 37, 66 പന്തില്‍ 42 എന്നിങ്ങനെയായിരുന്നു ധോണിയുടെ സംഭാവന.