ഫൈനലിനിടെയുണ്ടായ ആ പ്രതിഷേധം കുട്ടിക്കളിയല്ല, പിന്നിൽ വലിയൊരു ലക്ഷ്യം

ലോകത്തിന്റെ ശ്രദ്ധ മുഴുവൻ നീളുന്നിടത്തേക്കായിരിക്കും പ്രതിഷേധ പ്രകടനക്കാരുടേയും കണ്ണ് പതിയുക. അത് സ്വാഭാവികം. അത്തരം നിരവധി പ്രതിഷേധങ്ങൾ ലോകം കണ്ടു കഴിഞ്ഞു. 

ഏറ്റവും ഒടുവിൽ റഷ്യയിൽ ലോകകപ്പ് ഫൈനലിനിടെ മൈതാനത്തും കണ്ടു അത്തരമൊരു പ്രതിഷേധം. മൈതാനത്തേക്ക് കളി ഭ്രാന്ത് പിടിപെട്ടവർ ഓടിക്കയറുന്നതും താരങ്ങളെ കെട്ടിപ്പിടിക്കുന്നതും മുത്തം നൽകുന്നതും കാലിൽ തൊടുന്നതുമൊക്കെ പുതുമയുള്ള രംഗങ്ങളല്ല. സംഗതി രസംകൊല്ലിയാണെങ്കിലും കാണികൾ അൽപസ്വൽപം ഈ രംഗങ്ങൾ ആസ്വദിക്കുന്നുണ്ടെന്നതു മറുവശം. 

എന്നാൽ ഈ ലോകകപ്പ് ഫൈനലിൽ ഉണ്ടായ പ്രതിഷേധം വെറുമൊരു കാട്ടിക്കൂട്ടലല്ല. അതിനു പിന്നിൽ വലിയൊരു ലക്ഷ്യം തന്നെയുണ്ട്. റഷ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ലോകത്തെ അറിയിക്കാൻ പുസി റയട്ട് എന്ന പങ്ക് ബാൻഡ് നടത്തിയ ധീരമായ ദൗത്യം തന്നെയായിരുന്നു ഈ പ്രതിഷേധത്തിനു പിന്നിൽ. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഇന്റർനെറ്റിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുക, പ്രതിഷേധ സ്വാതന്ത്യ്രം അനുവദിക്കുക, പൊളിറ്റിക്കൽ കോമ്പറ്റിഷൻ അനുവദിക്കുക എന്നതാണ് ഇവരുടെ ആവശ്യങ്ങൾ. റഷ്യയിൽ സ്വപ്നത്തിൽ പോലും നടക്കാൻ സാധ്യതയില്ലാത്തതെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്ന ആവശ്യങ്ങളാണിത്. 

സാക്ഷാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ തന്നെ കളി കാണാനെത്തിയപ്പോൾ ഇതു തന്നെയാണ് പ്രതിഷേധത്തിനു യോജിച്ച വേദി എന്നു അവർ തീരുമാനിച്ചു. പൊലീസ് വേഷത്തിലെത്തിയായിരുന്നു ഇവരുടെ രോഷം. മൈതാനത്തേക്ക് ഓടിക്കയറിയ നാലുപേരെ സുരക്ഷാസംഘമെത്തിയാണ് നീക്കം ചെയ്തത്. കളി അൽപനേരം തടസപ്പെടുകയും ചെയ്തു. പതിനഞ്ചു ദിവസത്തേക്ക് ജയിൽ ശിക്ഷയാണ് കോടതി ഇവർക്കു വിധിച്ചത്. കൂടാതെ അടുത്ത മൂന്നു വർഷത്തേക്ക് കായിക മേളകൾക്കെത്തുന്നതിനും വിലക്കേർപ്പെടുത്തി.

എങ്കിലും അക്രമത്തിന്റെ പാതയിൽ നിന്നും മാറി ലോകം മുഴുവൻ കാണുന്ന തരത്തിൽ ഒരു പ്രതിഷേധം നടത്തിയതിന്റെ അഭിമാനമാണ് ഇവർക്ക്. എന്തായാലും ലോകകപ്പ് ഫൈനൽ മറന്നാലും ഈ പ്രതിഷേധക്കാരെ റഷ്യ മറക്കില്ലെന്നുറപ്പ്.