ബല്‍ജിയത്തെ വീഴ്ത്തിയത് ഫ്രാന്‍സിന്‍റെ വരച്ച വരയിലെ തന്ത്രം

മൽസരഫലം 1–0 എന്നു രേഖപ്പെടുത്തുമെങ്കിലും ഫ്രാൻസ് ബൽജിയത്തെ തന്ത്രങ്ങളിൽ നിഷ്പ്രഭരാക്കിയ മൽസരമായി ഇത്. കോച്ച് ദിദിയെ ദെഷാം റോബർട്ടോ മാർട്ടിനെസിനെയും. ദെഷാമിന്റെ ആവനാഴിയിൽ പ്ലാൻ എയും ബിയും മാത്രമല്ല സിയും ഉണ്ടായിരുന്നു. മാർട്ടിനെസിന് അതൊന്നുമുണ്ടായില്ല എന്നതാണ് ഈ മൽസരത്തെ വേർതിരിച്ചത്. ദെഷാം കടലാസിൽ വരച്ച്, ഫ്രഞ്ച് താരങ്ങൾ മൈതാനത്ത് നടപ്പാക്കിയ വിജയമാണ് ഇത്.

മറ്റൊരാളുടെ തെറ്റിൽ നിന്നു പഠിക്കുന്നതാണ് ഏറ്റവും ലാഭം. ഫ്രാൻസ് അതു ചെയ്തു. ബൽജിയത്തിനെതിരെ ബ്രസീൽ ചെയ്ത അബദ്ധം– സംഘടിതമായി ആക്രമിക്കുന്ന ടീമിനു മുന്നിൽ ആദ്യമേ ഗോൾമുഖം തുറന്നിടുക എന്നത് അവർ ചെയ്തില്ല. കളി തുടങ്ങിയപ്പോൾ ദെഷാമിന്റെ മനസ്സിലുള്ളത് ഈ സേഫ് പ്ലേ ആണെന്നത് വ്യക്തമായിരുന്നു. പോഗ്ബയെ പിന്നോട്ടു വലിച്ച ഫ്രാൻസ് വിശ്വസിച്ചത് എംബപ്പെയെ മുൻ നിർത്തിയുള്ള അതിവേഗ പ്രത്യാക്രമണങ്ങളിലാണ്. അതിൽനിന്ന് ഫലം കിട്ടാൻ വൈകിയിട്ടും ഉറച്ചു നിന്നു എന്നത് ഫ്രാൻസിന്റെ ആത്മവിശ്വാസം.

ബൽജിയം വിശ്വസിച്ചത് പതിവു പോലെ ഫ്രീ ഫ്ലോയിങ് ആയുള്ള അറ്റാക്കിൽ തന്നെ. ലുക്കാകുവിന് ഇരുവശത്തും ഹസാഡിനെയും ഡിബ്രൂയിനെയും നിയോഗിച്ചതിലും പന്തു കിട്ടുമ്പോൾ ചാഡ്‌ലി മുന്നോട്ടു കയറിയതിലും അവരുടെ ആക്രമണ മനസ്സുണ്ടായിരുന്നു.

എന്നിട്ടും ഗോളടിക്കാൻ കഴിയാതിരുന്നത് വരാനെയും ഉംറ്റിറ്റിയും ലുക്കാകുവിനെ ഇരുവശത്തുമായി സാൻഡ്‌വിച്ച് പോലെ മാർക്ക് ചെയ്തതിനാൽ. ഡിബ്രൂയിന്റെ പല ക്രോസുകളും ലുക്കാക്കുവിന് വായിച്ചെടുക്കാനുമായില്ല. വൺ ടു വൺ സാഹചര്യങ്ങളിൽ സമർഥമായി ഡ്രിബിൾ ചെയ്തു കയറും എന്നതിനാലാകം ഫ്രാൻസ് ഹസാർഡിനെ മാൻ മാർക് ചെയ്യാതിരുന്നത്. ഹസാർഡിനു പന്തു കിട്ടുമ്പോഴെല്ലാം മൂന്നോ നാലോ പേർ ഓടിയെത്തി. മാത്രമല്ല, അപ്പോഴെല്ലാം ഭാഗ്യവും ഫ്രാൻസിനെ തുണച്ചു. ആദ്യ പകുതിയിൽ കിട്ടിയ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് ഇടവേളയ്ക്കു ശേഷം ആക്രമണ മനസ്സിലേക്കു മാറിയത്.