ആരാധകരോട് മാപ്പുചോദിച്ച് ജര്‍മനി; ഞങ്ങൾ നന്നായി ഒരുങ്ങി; നീതി കാട്ടാനായില്ല

ലോകകപ്പിൽ ദക്ഷിണ കൊറിയയോ‍ട് തോറ്റുപുറത്തായതിന് ആരാധകരോട് മാപ്പുപറഞ്ഞ് ജർമൻ ഫുട്ബോൾ അസോസിയേഷൻ. തോല്‍വി സമ്മതിക്കുന്നതിനൊപ്പം എതിരാളികളെ പ്രശംസിക്കുകയും ചെയ്തു ജർമനി. ട്വിറ്ററിലൂടെയാണ് അസോസിയേഷന്റെ പ്രതികരണം. 

‘പ്രിയപ്പെട്ട ആരാധകരേ, നിങ്ങളെ നിരാശപ്പെടുത്തിയതിന് മാപ്പ്. നിങ്ങളോട് നീതി പുലർത്താൻ ഞങ്ങൾക്കായില്ല. നാല് വർഷത്തിലൊരിക്കൽ മാത്രമാണ് ലോകകപ്പ് എത്തുന്നത്. അതിനായി ഞങ്ങൾ നന്നായി ഒരുങ്ങിയിരുന്നു. പക്ഷേ, ലോകചാംപ്യന്മാരുടെ നിലവാരത്തിനൊത്ത് ഞങ്ങൾ‌ കളിച്ചില്ല. അതുകൊണ്ട്, ഈ പുറത്താകൽ ഞങ്ങൾ അർഹിക്കുന്നു. ജർമനിയിലും സ്റ്റേഡിയത്തിലും നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി. 2014ൽ റിയോയിൽ നമ്മളൊരുമിച്ചാണ് വിജയം ആഘോഷിച്ചത്. എന്നാൽ ഫുട്ബോളിൽ തോൽവികൾ അംഗീകരിച്ചേ മതിയാകൂ, എതിരാളികൾ നമ്മളെക്കാൾ കേമന്മാരായിരുന്നെന്ന് സമ്മതിച്ചേ മതിയാകൂ..’ 

മത്സരശേഷം പോസ്റ്റ് ചെയ്ത പല ട്വീറ്റുകളിൽ അസോസിയേഷൻ കുറിച്ചു. ‘സ്വീഡനും മെകിസ്ക്കോക്കും കൊറിയക്കും അഭിനന്ദനങ്ങൾ. റഷ്യക്ക് നന്ദി..’

ജർമനി പുറത്തായതിന്റെ ഞെട്ടലും നിരാശയും കഴിഞ്ഞ ദിവസം തന്നെ അസോസിയേഷൻ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചിരുന്നു. 

നാല് വർഷങ്ങൾക്ക് മുൻപ് അർജന്റീനയെ തോല്‍പ്പിച്ച് റിയോയിൽ കപ്പുയർത്തിയ ജർമനിയാണ് ഇത്തവണ ആദ്യറൗണ്ടിൽ പുറത്തായത്.