ജിംസണും മഹേഷും; ബ്രസീലും ജർമനിയും; 7–1ന്റെ പ്രതികാരം ബാക്കി

കവലയിൽ വെച്ച് പഞ്ഞിക്കിട്ട ജിംസണിനോട് പ്രതികാരം ചെയ്യാതെ ചെരിപ്പിടില്ലെന്നുറച്ച മഹേഷ്. ജിംസണെ തിരിച്ചുതല്ലാൻ എട്ടിന്റെ ലൂണാറും വാങ്ങിയെത്തിയ മഹേഷ്. മഹേഷിന്റെ പ്രതികാരകഥയറിയാതെ ദുബായ്ക്ക് പോയ ജിംസൺ. ഇത് സിനിമയാണ്. മഹേഷിന്റെ പ്രതികാരത്തിനായി സിനിമയുടെ ക്ലൈമാക്സ് വരെ കാത്തിരുന്നാൽ മതിയായിരുന്നു. എന്നാൽ ലോകകപ്പിൽ ബ്രസീൽ കാത്തിരുന്നത് നീണ്ട നാല് വർഷങ്ങളാണ.് പ്രതികാരം ചെയ്യാനെത്തിയ ബ്രസീലിനെ 'പറ്റിച്ച്' ജർമനി റഷ്യ വിട്ടു. 7–1ന്റെ കടവും പ്രതികാരവും ഒക്കെ ബാക്കി. 

എത്രയൊക്കെ ആത്മവിശ്വാസമുണ്ടെങ്കിലും ബൊലെ ഹൊറിസോന്റെ എന്ന് കേട്ടാൽ ചങ്കുപിടക്കാത്ത ബ്രസീൽ ആരാധകരുണ്ടാകില്ല. 2014 ലോകകപ്പിൽ ജർമൻ പടയുടെ ഏഴ് ഗോള്‍ കുതിപ്പിൽ കിതച്ചുപോയ കാനറികൾ. ആ ഏഴ് ഗോൾ മുറിവുണങ്ങാൻ റഷ്യവരെ കാത്തിരിക്കേണ്ടിവന്നു നെയ്മറിനും സംഘത്തിനും. എന്നാല്‍ ലോകകപ്പ് കണ്ട വലിയ അട്ടിമറികളിലൊന്നിൽ ദക്ഷിണകൊറിയ രണ്ട് ഗോളിന് ജർമനിയെ തട്ടിയകറ്റി. 

പക്ഷേ ജർമനിയുടെ തോൽവിയിൽ ബ്രസീൽ ആരാധകർ ആർപ്പുവിളിച്ചില്ല. പ്രീക്വാർട്ടറിൽ പകരം വീട്ടാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു അവർ. 

കൊറിയയോട് തോറ്റില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ പ്രീക്വാർട്ടറിൽ ജർമനിയും ബ്രസീലും ഏറ്റുമുട്ടിയേനെ. പ്രീക്വാർട്ടർ ഫിക്സ്ചർ അനുസരിച്ച് ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് മത്സരം. കണക്കുകൂട്ടലുകൾ തെറ്റിയതോടെ മെക്സിക്കോ ആകും ബ്രസീലിൻറെ എതിരാളികൾ. 

ബ്രസീലിൻറെ കാത്തിരിപ്പ് ഇനിയും നീളും. ലോകകപ്പിലെ 7–1 തോൽവിക്ക്, മറ്റൊരു ലോകകപ്പിൽ പ്രതികാരം ചെയ്യണമെങ്കിൽ 2022 വരെ കാത്തിരുന്നേ മതിയാകൂ.