സാംപോളി പോരെന്ന് മറഡോണ അന്നേ പറഞ്ഞു; ദുരന്തത്തിൽ വിവാദം തലപൊക്കുന്നു

അർജന്റീനയുടെ  ആരാധകർ ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത ഒരു മത്സരം ആകും ഇന്നലത്തേത്. മെസിയെ പോലുളള ലോകോത്തര കളിക്കാരനെ പോലും നന്നായി ഉപയോഗിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് അർജന്റീന. സ്കൂൾ കുട്ടികൾ പോലും വരുത്താൻ സാധ്യതയില്ലാത്ത അതിഗുരുതര പിഴവുമായി ഗോൾ കീപ്പർ വില്ലി കബല്ലേരോ. കളിമികവിൽ പിന്നീലായിട്ടും ആ ഗോളോടെ ക്രോയേഷ്യ ഉണർന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന തോറ്റു.

ലോകകപ്പിനു മുൻപേ ലയൺ മെസി ടീമിന്റെ ദൗർബല്യങ്ങളെ കുറിച്ചു പറഞ്ഞിരുന്നു. ഈ ടീമിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുതെന്നും പരോഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ സാംപോളി എന്ന പരിശീലകനിൽ ആയിരുന്നു ലോകത്തിന്റെ കണ്ണ് മുഴുവൻ. അത്ഭുതങ്ങൾ കാട്ടാൻ അയാൾക്ക് കരുത്തുണ്ടെന്ന് അവർ വിശ്വസിച്ചു. മാജിക്കിനായി പ്രാർത്ഥനയോടെ കാത്തിരുന്നു.

തിരിഞ്ഞു നോക്കുമ്പോൾ അർജന്റീന ചോദിച്ചു വാങ്ങിയ പരാജയം ആണിത്. സാം പോളിയെ നിയമിച്ചപ്പോൾ തന്നെ വിമർശനവുമായി രംഗത്തു വന്നവരിൽ ഇതിഹാസതാരം ഡിയാഗോ മറഡോണയും ഉണ്ടായിരുന്നു. എഡ്ഗോർജോ ബോസയെ പുറത്താക്കി ആ കസേരയിലാണ് അർജന്റീന സാം പോളിയെ ഇരുത്തിയത്. ബോസയെക്കാൾ എന്ത് മേൻമയാണ് സാം പോളിക്ക് ഉളളതെന്ന് മറഡോണ തുറന്നു ചോദിച്ചു.  ബോസയാണ് കേമൻ എന്ന് തുറന്നു പറഞ്ഞതിന് പഴിയും കേട്ടു. 

ഡി മരിയ, ബിഗ്ലിയ, റോഹോ എന്നിവരെ പുറത്തിരുത്തിയാണ് ആദ്യ ഇലവന്‍ ഇറങ്ങിയത്. പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടായില്ല.  4–2–3–1 എന്ന തന്റെ പതിവ് ശൈലി വിട്ട്, 3–4–3 എന്ന അറ്റാക്കിങ് ഫോര്‍മേഷന്‍ സ്വീകരിച്ച കോച്ച് ഹോര്‍ഗെ സാംപൊളിക്ക് അതിനൊത്ത് കളി മെനയാന്‍ കഴിഞ്ഞില്ല.  മുന്നേറുമ്പോള്‍ 3–4–3 എന്നത് പ്രതിരോധിക്കുമ്പോള്‍ 4–4–2 എന്ന് മാറാന്‍ കഴിയാത്തത്  രണ്ടു വിങ്ങുകളെ തീര്‍ത്തും ദുര്‍ബലമാക്കി.  

രണ്ടാംപകുതിയില്‍ ആറു മിനിറ്റിനിടയില്‍ മൂന്നു സബ്സ്റ്റിറ്റ്യൂഷനാണ് സാംപൊളി സ്വീകരിച്ചത്. സമ്മര്‍ദത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ ഒരേ സമയം കളത്തില്‍ അഞ്ചു സ്ട്രൈക്കര്‍മാരെത്തി. മധ്യനിര ദുര്‍ബലമായി. എന്തുകൊണ്ട് പൗളോ ഡിബാലയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിന് സാംപൊളിക്ക് മറുപടിപറയേണ്ടി വരും. തുടക്കം മുതല്‍ അര്‍ജന്റൈന്‍ ആരാധകര്‍ക്കൊപ്പം ആവേശഭരിതനായി ഗാലറിയിലിരുന്ന് ആര്‍ത്തുവിളിച്ച മറഡോണ, അവസരങ്ങള്‍ നഷ്ടമാകുന്നത് കണ്ട് നഖം കടിച്ചു. ഒടുവില്‍ കരഞ്ഞു. 

ആദ്യമത്സരത്തിൽ തിരിച്ചടി കിട്ടിയപ്പോഴും മറഡോണ പറഞ്ഞു. സാം പോളി നിങ്ങൾ കളിശൈലി മാറ്റിയില്ലെങ്കിൽ അർജന്റീനയിലേയ്ക്ക് മടങ്ങേണ്ടി വരില്ല. എന്നിട്ടും സാം പോളി പഠിച്ചില്ല. ഉയരക്കാരായ ഐസ്‌ലാൻഡ്  താരങ്ങള്‍ക്കെതിരേ എന്ത് മുന്നൊരുക്കമാണ് നടത്തിയതെന്നും ആദ്യമത്സരത്തിനു മുൻപേ മറഡോണ ചോദിച്ചിരുന്നു. ലോകകപ്പിന് മുൻപും ഇടയിലും മറഡോണയെ നിങ്ങൾ കേട്ടിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.