ബ്രസീലിന്റെ ‘വീണപൂവ്’; നെയ്മറുടെ വീഴ്ചകളും സ്വിസ് പടയുടെ വാഴ്ചയും, ട്രോള്‍മഴ

വമ്പന്‍മാരെല്ലാം സമനിലകളിക്കുകയാണ്.  ലോകകപ്പ് ഉയര്‍ത്തുന്നത് സ്വപ്നം കണ്ടിരിക്കുന്ന ആരാധകര്‍ക്ക് ഇൗ സമനിലക്കളികള്‍ വല്ലാത്ത തലവേദനയാവുകയാണ്. ന്യായീകരിക്കാന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ നെട്ടോട്ടത്തിലാണ് ലോകകപ്പ് ന്യായീകരണത്തൊഴിലാളികള്‍. വിജയലക്ഷ്യത്തോടെ ഇറങ്ങിയ നെയ്മറിനെയും സംഘത്തെയും പ്രതിരോധക്കോട്ട തീര്‍ത്ത് സ്വിറ്റ്‌സര്‍ലാന്‍ഡ് നിരാശപ്പെടുത്തി. ഒടുവില്‍ വമ്പന്‍മാരെ സമനിലയില്‍ തളച്ച് സ്വിസ് പട തുടക്കം ഗംഭീരമാക്കി. എല്ലാ കണ്ണും റഷ്യയിലേക്കെന്നപോലെ ഇന്നലെ എല്ലാ കണ്ണും നെയ്മറിലേക്കായിരുന്നു. പരുക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയപ്പോഴും പക്ഷേ കളിക്കളത്തില്‍ പഴയ മെയ്​വഴക്കം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. സ്വിറ്റ്‌സര്‍ലാന്‍ഡ് ചെയ്ത 18 ഫൗളുകളില്‍ 11 എണ്ണവും നെയ്മറിനെ വീഴ്ത്താനായിരുന്നു.

ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെടുന്ന താരമാകാനും ഇതോടെ നെയ്മറിനായി. ഇന്നലെ സ്വിറ്റ്‌സര്‍ലാന്റ് നിരയില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകളിലും നെയ്മറിന് പങ്കുണ്ടായിരുന്നു. മൂന്ന് മഞ്ഞയും നെയ്മറിനെ വീഴ്ത്തിയതിനായിരുന്നു ലഭിച്ചത്. ഇരുപതാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീന്യോയുടെ ഗോളില്‍ ലീഡ് നേടിയപ്പോള്‍ ഒരു ഉജ്വലവിജയമാണ് ബ്രസീലിന്റെ ആരാധകര്‍ കിനാവ് കണ്ടത്. എന്നാല്‍ ആ മോഹങ്ങള്‍ക്ക് മേല്‍ ആണിയടിക്കുകയായിരുന്നു എതിരാളികള്‍.  പ്രതിരോധത്തിലെ അവസാന പഴുതും അടച്ച് കൂടുതല്‍ ഗോള്‍ വഴങ്ങാതെ കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് വീണു കിട്ടിയ അവസരത്തില്‍ തിരിച്ച് വല കുലുക്കി സമനില പിടിച്ചു. അമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറാണ്, ഷാക്കിരിയുടെ ഒരു കോര്‍ണര്‍ കൃത്യമായി കുത്തിയിട്ട് സമനില ഗോള്‍ നേടിയത്.