ഐപിഎൽ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; ഡൽഹിക്ക് ആവേശ ജയം

ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്ത്. നിർണായക മൽസരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനോട് 11 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.3 ഓവറിൽ 163 റൺസിന് പുറത്തായി. 48 റണ്‍സെടുത്ത എവിന്‍ ലെവിലും 37 റൺസെടുത്ത ബെൻ കട്ടിങ്ങും മാത്രമാണ് മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.  മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ  അമിത് മിശ്രയും സന്ദീപ് ലാമിച്ചനേയും ഹർഷൽ പട്ടേലുമാണ് മുംബൈയെ വീഴ്ത്തിയത്. 

നേരത്തെ ടോസ് നേടി ബാറ്റുചെയ്ത ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 64 റണ്‍സെടുത്ത ഋഷഭ് പന്താണ് ‍ഡല്‍ഹിയുടെ ടോപ്സ്കോറര്‍. 43 റൺസെടുത്ത വിജയ് ശങ്കർ ഋഷഭിന് മികച്ച പിന്തുണ നൽകി. മുംബൈക്കു വേണ്ടി ക്രുനാൽ പാണ്ഡ്യയും ബുംമ്രയും മാർക്കണ്ടേയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.