സ്റ്റീവൻ ജറാർദു‌‌മായി അഭിമുഖം നടത്തി താരമായി ആറു വയസുകാരൻ

ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്റ്റീവൻ ജറാർദുമായി അഭിമുഖം നടത്തിയിരിക്കുകയാണ് ആറു വയസുകാരൻ ഐസിൻ ഹാഷ്. ലിവർപൂൾ എഫ്സി വേൾഡിൻറെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ഐസിൻ ജെരാർദിനെ ഇൻറർവ്യൂ ചെയ്തത്.

ആറു വയസുകാരൻ ഐസിൻ ഹാഷിൻറെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ സ്റ്റീവൻ ജെറാർദാണ്. ഒരു കാലത്ത് ലിവർപൂളിൻറെ ചെങ്കുപ്പായത്തിൽ ആവേശക്കൊടുമുടിയേറ്റിയ അതേ സ്റ്റീവൻ ജെറാർദ് തന്നെ. ജെറാർദിനെ ഇൻറർവ്യൂ ചെയ്തതിൻറെ ആവേശം ഇപ്പോഴും ഐസിൻറെ മനസിൽ നിന്ന് പോയിട്ടില്ല.

ലിവർപൂൾ എഫ്.സി.വേൾഡിൻറെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ലിവർപൂളിൻറെ ഇതിഹാസ താരം സ്റ്റീവൻ ജെറാർദിനെ ഇൻറർവ്യൂ ചെയ്യാൻ ഐസിന് അവസരം കിട്ടിയത്. ലിവർപൂളിൻറെ പഴയകാല താരം ഗാരി മക്കാലിസ്റ്ററും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു.വിവിധ രാജ്യക്കാരായ അൻപതോളം കുട്ടികളിൽ നിന്നാണ് ഐസിനെ അഭിമുഖം നടത്താൻ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന പേരിലാണ് ഇസിൻ ലിവർപൂൾ ഇതിഹാസങ്ങളെ അഭിമുഖം ചെയ്തത്.

ലിവർപൂളിൻറെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിൻറെ വീഡിയോ ഇതിനകം തരംഗമായി കഴിഞ്ഞു. ഒഴിവു സമയങ്ങളിൽ ജെറാർദിൻറെ മൽസരങ്ങളുടെ വീഡിയോ കണ്ട് ആവേശം കൊള്ളുകയാണ് ഐസിൻ. ജെറാർദിനെ പോലെ ഒരു ഫുട്ബോൾ താരമാവുകയാണ് ഐസിൻറെ ആഗ്രഹം. യുഎഇയിലെ പ്രമുഖ കിഡ് മോഡൽ കൂടിയായ ഐസിൻ ഒട്ടേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡു മൊബൈൽ, ഐകിയ, ബേബി ഷോപ്പ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മുഖം കൂടിയാണ് ഈ കൊച്ചുമിടുക്കൻ.