രാജസ്ഥാന്റെ വിജയക്കുതിപ്പിന് തടയിട്ട് കൊൽക്കത്ത; ആറ് വിക്കറ്റിന് തോൽപ്പിച്ചു

രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാനെ ആറുവിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ജയത്തോടെ കൊല്‍ക്കത്ത പതിനാല് പോയിന്റുമായി പ്ലേ ഒാഫ് സാധ്യത സജീവമാക്കി . രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പതിനെട്ടാം ഒാവറില്‍ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബ്ടളറും തൃപാതിയും നാലാം ഒാവറില്‍ സ്കോര്‍ അര്‍ധശതകം കടത്തി. ആന്ദ്രേ റസലിന്റെ പന്തില്‍ തൃപാതി പുറത്തായതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി . കുല്‍ദീപ് യാദവ് നാലുവിക്കറ്റ് വീഴ്ത്തിയതോടെ നൂറു റണ്‍സ് എടുക്കുംമുമ്പേ അഞ്ചുപേര്‍ മടങ്ങി. 

പതിനെട്ട് പന്തില്‍ 26 റണ്‍സ് നേടി ജയദേവ് ഉനട്ഘട്ടാണ് രാജസ്ഥാനെ കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പത്തൊന്‍പതാം ഒാവറില്‍ 142 റണ്‍സിന് രാജസ്ഥാന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങില്‍  കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ ആദ്യ ഒാവറില്‍ രണ്ടും സിക്സും രണ്ടു ബൗണ്ടറിയുമടക്കം  നേടിയത് 21 റണ്‍സ്. 

നരെയ്നെയും ഉത്തപ്പയെയും മടക്കി ബെന്‍ സ്റ്റോക്സ് തിരിച്ചടിച്ചു. പിന്നാെല നിഥീഷ് റാണയും പുറത്തായതോടെ കൊല്‍ക്കത്ത സമ്മര്‍ദത്തിലായി ക്രിസ് ലിന്നിനൊപ്പം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ചേര്‍ന്നതോടെ കൊല്‍ക്കത്ത ഇന്നിങ്സ് വിജയം ലക്ഷ്യമാക്കി നീങ്ങി.ലിന്നിനെ നഷ്ടമായെങ്കിലും ആന്ദ്രേ റസലിനെ കൂട്ടി ഈഡനില്‍ കാര്‍ത്തിക്ക് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു