ഓറഞ്ച് ക്യാപ്പിന് പോരാട്ടം മുറുകി; കോഹ‌്‌ലി മുതൽ സഞ്ജു വരെ

ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം കടുക്കുന്നു. കോ‌ഹ്‌ലിയും ധോണിയും ഡിവില്ലിയേഴ്സും മുതൽ സഞ്ജു വി.സാംസൺവരെ ഒരുപിടിതാരങ്ങളാണ് റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി മൽസരിക്കുന്നത്. എല്ലാ ടീമുകളുടെയും ആറു മൽസരങ്ങൾ വീതം കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ അമ്പാട്ടി റായിഡുവാണ് 283 റൺസുമായി മുന്നിൽ. 280 റൺസുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ എബി ഡിവില്ലിയേഴ്സ് തൊട്ടുപുറകെയുണ്ട്. 

ഇന്നലെ നടന്ന ചെന്നൈ ബംഗ്ലൂരു മൽസരത്തിനിടെ ഓറഞ്ച് ക്യാപ്പിനായുള്ള അവകാശികൾ മാറിമറിഞ്ഞു. ഹൈദരാബാദിന്റെ കെയിൻ വില്യംസണെ (259) മറികടന്ന് ബാംഗ്ലൂരിന്റെ ഡിവില്ലിയേഴ്സ് ആദ്യം മുന്നിലെത്തി. പക്ഷേ ഇതിന് അധികം ആയുസുണ്ടായില്ല. ബാംഗ്ലൂരിനെതിരെ മിന്നും പ്രകടനം കാഴ്ചവച്ച അമ്പാട്ടി റായിഡു മൽസരം കഴിഞ്ഞതോടെ റൺവേട്ടയിൽ ഒന്നാമനായി ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയായിരുന്നു.

ഹൈദരാബാദ് നായകൻ കെയിൻ വില്യംസൺ (259), വിരാട് കോഹ്‌ലി(249), സഞ്ജു സാസംൺ(239), കെ.എൽ രാഹുൽ(236), സൂര്യകുമാര്‍ യാദവ് (230) ക്രിസ് ഗെയ്ല്‍ (229), റിഷഭ് പന്ത് (227), എംഎസ് ധോണി (209) എന്നിവരാണ് ആദ്യ പത്തിലുളള മറ്റു താരങ്ങള്‍. ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനമാണ് ധോണിയെ ആദ്യപത്തിലെത്തിച്ചത്.

വിക്കറ്റ് വേട്ടക്കാരനായുള്ള പർപ്പിൾ ക്യാപ്പിനായും പോരാട്ടം മുറുകുകയാണ്. ആറ് മൽസരങ്ങളിൽനിന്ന് 10 വിക്കറ്റുമായി മുംബൈ ഇന്ത്യൻസിന്റെ യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡേയാണ് ഒന്നാം സ്ഥാനത്ത്. 

ഒൻപത് വിക്കറ്റ് വീതം നേടി സിദ്ധാര്‍ഥ് കൗള്‍, ആൻഡ്രു ടൈ, ഉമേഷ് യാദവ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ആദ്യ അഞ്ചിലുളള മറ്റ് താരങ്ങള്‍. എട്ടുവിക്കറ്റുമായി സുനിൽ നരേൻ, ജസ്പ്രീത് ബുമ്ര, ശാർദുൽ താക്കൂർ, ക്രിസ് വോക്സ് എന്നിവർ തൊട്ടുപിന്നിലുണ്ട്. ഏഴു വിക്കറ്റ് വീഴ്ത്തിയ ബാംഗ്ലൂരിന്റെ ചഹാൽ പത്താം സ്ഥാനത്തെത്തി.