എന്റെ റെക്കോർഡ് തകർത്താൽ ഷാംപെയ്ൻ സമ്മാനം; കോഹ്‌ലിയെ സാക്ഷിയാക്കി സച്ചിന്റെ വാഗ്ദാനം

റെക്കോര്‍ഡ് തകര്‍ത്താല്‍ വിരാട് കോഹ്‌ലിക്ക് ഷാംപെയ്ന്‍ സമ്മാനിക്കുമെന്ന് സച്ചിന്‍ ടെൻഡുൽക്കർ . ഏകദിന ക്രിക്കറ്റിലെ 49 സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി അന്‍പത് സെഞ്ചുറി അടിച്ചാല്‍  സമ്മാനമായി ഷാംപെയ്ന്‍ അയച്ചുകൊടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വാഗ്ദാനം. 

അന്‍പത് ഷാംപെയ്ന്‍ ബോട്ടില്‍ അയച്ചുകൊടുക്കുകയല്ല ചെയ്യുക, അന്‍പത് ബോട്ടില്‍ ഷാംപെയിനുമായി കോഹ്‌ലിയെ നേരില്‍ കാണുമെന്നും റെക്കോര്‍ഡ് തകര്‍ത്ത സന്തോഷം പങ്കുവയ്ക്കുമെന്നും സച്ചിന്‍ പറഞ്ഞതോടെ സദസില്‍ നീണ്ട കരഘോഷം. കൊല്‍ക്കത്തയില്‍ നടന്ന ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ കോഹ്‌ലിയെ സാക്ഷിയാക്കിയായിരുന്നു സച്ചിന്റെ വാഗ്ദാനം. ഇന്ന് 45ാം ജന്മദിനം ആഘോഷിക്കുന്ന സച്ചിന് ആശംസകള്‍ നേരുന്നവര്‍ 29കാരനായ കോഹ്‌ലിക്കുള്ള ഈ സമ്മാനത്തെപ്പറ്റിയും പറയുന്നു. 

‘‘ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിന്‍റെ ബാറ്റിങ് കണ്ടാണെന്നും കരിയറില്‍ സച്ചിന്റെ സ്വാധീനം വളരെ വലുതാണെന്നും’’ കോഹ്‌ലി പറഞ്ഞു. ബാറ്റിങ്ങില്‍ സച്ചിന്‍ പകര്‍ന്നു നല്‍കിയ കുഞ്ഞുകാര്യങ്ങള്‍ പോലും റണ്‍വേട്ടയില്‍ ഉപകാരമായെന്നും സച്ചിനൊപ്പം ക്രീസിലും ഡ്രസിങ് റൂമിലും ഒരുമിച്ചുണ്ടായത് ജീവിതത്തിലെ വലിയഭാഗ്യമെന്നും കോഹ്്‌ലി കൂട്ടിച്ചേര്‍ത്തു. ആത്മവിശ്വാസം പകര്‍ന്നു തരുന്നതിലും സച്ചിന്‍റെ സ്വാധീനം വലുതാണെന്നും ടീം ഇന്ത്യ ക്യാപ്റ്റന്‍ പറയുന്നു. 

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ സച്ചിനെ ചുമലിലേറ്റി ആഘോഷിക്കുന്നതില്‍ വിരാട് കോഹ്‌ലി മുന്നിലായിരുന്നു. അന്ന് കോഹ്‌ലി പറഞ്ഞ ഒരു കാര്യം ഇപ്പോഴും പ്രസക്തമാണ്. ‘‘24വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിനെ തോളിലേറ്റാന്‍ കിട്ടിയ അവസരം ഒരിക്കലും വിട്ടുകളയില്ല.’’ ഇതായിരുന്ന കോഹ്‌ലിയുടെ വാക്കുകള്‍.  

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കളിക്കുമ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി യതെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവി താരങ്ങളെ ആ ലോകകപ്പില്‍ നിന്ന് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും സച്ചിന്‍ ഒാര്‍ത്തെടുത്തു. ദ്രുതഗതിയുലുള്ള  പാദചലനങ്ങളും കൈക്കുഴയുടെ അതിവേഗ ചലനങ്ങളും തീര്‍ത്ത കോഹ്‌ലി ഭാവി വാഗ്ദാനമെന്ന് തെളിയിച്ചു. കോഹ്‌ലിയാണ് അന്നത്തെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. ഇപ്പോള്‍ റണ്‍ദാഹവും സ്ഥിരതയും ഉള്ള കളിക്കാരനാണ് കോഹ്‌ലിയെന്ന് പുകഴ്ത്താനും സച്ചിന്‍ മറന്നില്ല.  

സച്ചിന്റെ ആദ്യകാല പ്രകടനവും വിരാടിന്റെ പ്രകടനവും കണക്കിലെടുത്താല്‍ ഏകദിനത്തില്‍ സച്ചിനെക്കാള്‍ മുമ്പിലാണ് വിരാട്. ഏകദിനത്തില്‍ സച്ചിന്‍ 177 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 5,211 റണ്‍സും 12 സെഞ്ചുറിയും ആയിരുന്നു. എന്നാല്‍ വിരാട് കോലി 177 ഏകദിനത്തില്‍ നിന്ന് നേടിയത് 7692 റണ്‍സും 27 സെഞ്ചുറിയുമാണ്. ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ സച്ചിന്‍ 19 ടെസ്റ്റില്‍ നിന്ന്  1000റണ്‍സ് സച്ചിന്‍ നേടിയപ്പോള്‍ കോലിക്ക് അത്രയും റണ്‍സ് നേടാന്‍ വേണ്ടി വന്നത്  17 ടെസ്റ്റാണ്. 208 ഏകദിനങ്ങളില്‍ നിന്ന് 9588റണ്‍സ് നേടിയ കോഹ്‌ലി 35സെഞ്ചുറിയും കുറിച്ചു. ഏകദിനത്തില്‍ കോഹ്‌ലിയെക്കാള്‍ മുന്നിലുള്ളത് സച്ചിന്‍‌ മാത്രം. 49 സെഞ്ചുറികള്‍ ഉള്‍പ്പെടെ 463ഏകദിനത്തില്‍ നിന്ന് 18,426റണ്‍സാണ് സച്ചിന്‍ റെക്കോര്‍ഡ് ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്.