ഡിവില്ലിയേഴ്സിന്റെ മികവില്‍ റോയല്‍ ചലഞ്ചേഴ്സിനു ജയം

ഏ.ബി.ഡിവില്ലിയേഴ്സിന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ്. 175 റണ്‍സ് വിജയലക്ഷ്യം പതിനെട്ടാം ഓവറില്‍ ആര്‍.സി.ബി മറികടന്നു. കോഹ്‌ലി 30 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കു വേണ്ടി റിഷഭ് പന്ത് 85 റണ്‍സും ശ്രേയസ് അയ്യര്‍ 52 റണ്‍സുമെടുത്തു. 

ബൗണ്ടറികള്‍ മഴയായി പെയ്തിറങ്ങിയ രാവില്‍ ഡിവില്ലിയേഴ്സ് ചലഞ്ച് ഭേദിക്കാനാകാതെ ഡല്‍ഹിയുടെ ചെകുത്താന്‍മാര്‍ തലകുനിച്ചു. ആര്‍സിബി ക്യാംപില്‍ ആഘോഷത്തിരയിളക്കം. കോഹ്‌ലിയെ 4 റൺസിൽ വച്ച് ഡല്‍ഹി വിട്ടു കളഞ്ഞു. അടുത്ത പന്തില്‍ ഡികോക്കിനെ റണ്ണൗട്ടാക്കാന്‍ മുന്നിട്ടിറങ്ങിയതും കോഹ്‌ലി തന്നെ. 

ഡിവില്ലിയേഴ്സും കോഹ്‌ലിയും ക്രീസില്‍ ഒന്നിച്ചു. അവിശ്വസനീയ ഷോട്ടുകള്‍ക്കൊടുവില്‍ അതിലേറെ അവിശ്വസനീയതോടെ കോഹ്‌ലിക്ക് തിരികെ കയറേണ്ടി വന്നു. ഉത്തരവാദിത്തം തോളിലേറ്റുവാങ്ങിയ ഏബിഡി പിന്നീടൊരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല. അടിച്ചുപറത്തി മുന്നേറ്റം. ഇന്ത്യന്‍ യുവത്വത്തിന്റെ മികവിലാണ് ഡല്‍ഹി മോശമല്ലാത്ത സ്കോറിലേക്കെത്തിയത്. 85 റണ്‍സും റിഷഭ് പന്തും 52 റണ്‍സുമായി ശ്രേയസ് അയ്യറും കളം നിറഞ്ഞു. 

മോശമല്ലാത്ത ടോട്ടലായിരുന്നിട്ടും കളി കൈവിട്ടതിന്റെ നിരാശയിലാണ് അവസാനക്കാരായ ഡെവിള്‍സ്