വില കോടികൾ, കളിയോ, അയ്യേ.... ഈ നാലു താരങ്ങൾ ‘ശ്രദ്ധിക്കപ്പെടുന്നു’

ഐപിഎല്ലിൽ മികച്ച താരങ്ങൾ ശരാശരി നിലവാരത്തിനും താഴെ പ്രകടനം നടത്തുമ്പോൾ സ്വാഭാവികമായും ആരാധകരും അന്വേഷിക്കുന്ന ഒരു സംഗതിയുണ്ട്. എന്ത് വില കൊടുത്താണ് ആ കളിക്കാരനെ വാങ്ങിയത്. കൊടുത്ത കാശിനുള്ള പ്രകടനമാണോ കാഴ്ച വയ്ക്കുന്നത് ? പലപ്പോഴും കോടികളെറിഞ്ഞ് വാങ്ങിയ താരങ്ങൾ ആ തുകയുടെ ഏഴയലത്തു വരുന്ന പ്രകടനം പോലും പുറത്തെടുക്കുന്നില്ല. 

ഇത്തരത്തിൽ നിരവധി താരങ്ങൾ പതിനൊന്നാം സീസണിലെ ഐപിഎല്ലിലും കാണാം. പലരുടേയും മത്സരങ്ങൾ നാലും അഞ്ചും കഴിഞ്ഞെങ്കിലും കളി സ്വാഹ. ഇവർ ടൂർണമെന്റിൽ ഉണ്ടോ എന്നു പോലും സംശയം. 

കിങ്‌സ് ഇലവന്‍ പഞ്ചാബ് പൊന്നും വില കൊടുത്ത് വാങ്ങിയ കളിക്കാരനാണ് ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആരോൺ ഫിഞ്ച്. 6.2 കോടിയാണ് ഈ കളിക്കാരനു മുടക്കിയത്. കഴിഞ്ഞ സീസണിൽ 300 റൺസാണ് താരം നേടിയത്. എന്നാൽ ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ പൂജ്യനായി മടങ്ങി. ആരാധകർ നിരാശരാണ്. വരും മത്സരങ്ങളിൽ ഫിഞ്ച് ഫോമിലെത്തുമെന്നു ടീമും പ്രതീക്ഷിക്കുന്നു. 

രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിൽ ‘ശ്രദ്ധിക്കപ്പെടുന്ന’ കളിക്കാരൻ. ഇന്ത്യൻ ജഴ്സണിയുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം, പക്ഷെ ഐപിഎല്ലിൽ 

നിരാശപ്പെടുത്തി. ഏഴു കോടിയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ജഡേജയെ വാങ്ങിയത്. എന്നാൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലെത്താനായിട്ടില്ല. ഇതുവരെ അൻപതു റൺസെടുക്കാൻ പോലും സാധിച്ചിട്ടില്ല. ലഭിച്ച വിക്കറ്റാണെങ്കിലും വെറും ഒന്ന്. 

രാജസ്ഥാൻ റോയൽസ് താരം ജയദേവ് ഉനദ്കട് തന്റെ ഫോമിന്റെ ഏഴയലത്തു പോലും എത്തുന്നില്ല. 11.5 കോടി രൂപ കൊടുത്താണ് രാജസ്ഥാൻ റോയൽസ് ഈ താരത്തെ സ്വന്തമാക്കിയത്. വെറും രണ്ടു വിക്കറ്റാണ് ലഭിച്ചത്. 

സൺറൈസേഴ്സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയും ‘നിരാശ താര’ങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 11 കോടി രൂപ കൊടുത്ത് വാങ്ങിയ ഈ കളിക്കാരൻ ഇതുവരേയും ഫോം കണ്ടെത്തിയിട്ടില്ല.