ഷമി തെറ്റുകൾ മനസിലാക്കണം: ഒത്തുതീർപ്പിനില്ല; ഹസിൻ ജഹാൻ

ക്രിക്കറ്റ് ലോകത്തെ നടുക്കിയ കുടുംബവഴക്കിൽ ഒരോ ദിവസവും പുതിയ വിവാദങ്ങൾ ബൗൺസർ കണക്കെ കുത്തി ഉയരുകയാണ്. തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് ‌ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭാര്യ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഷമിയുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും താൻ തയ്യാറല്ലന്ന് ഹസിൻ ജഹാൻ കൊൽക്കത്തയിലെ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഷമി കുടുംബത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. ഇനിയൊരു ഒത്തുതീർപ്പിന് തനിക്കാവില്ലന്നും ഹസിൻ ജഹാൻ കൂട്ടിച്ചേർത്തു. തനിക്ക് ആകാവുന്നത് പോലെ ഷമിയുടെ തെറ്റുകളെ മനസിലാക്കി കൊടുക്കാനും,സംസാരിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ തന്റെ ശ്രമങ്ങളോട് ഷമി മുഖം തിരിക്കുകയാണ് ഉണ്ടായത്. എന്നാൽ ഷമി തന്റെ തെറ്റുകൾ മനസിലാക്കി കുടുംബത്തെ ഉൾക്കൊള്ളുന്ന നിമിഷത്തിൽ ഷമിയുമായി വിട്ടുവീഴ്ച്ചയ്ക്ക് തയാറാണന്നും ഹസിൻ പറ‍ഞ്ഞു.

അതേസമയം തീര്‍ത്തും ഷമിയെ ആശ്രയിച്ചാണ് ഈ കേസിന്റെ വഴിത്തിരിവുകളെന്നും, മകളെ ഒാർക്കണമെന്നും ഹസീൻ ജഹാന്റെ അഭിഭാഷകനായ സഖീർ ഹുസൈൻ പത്രസമ്മേളനത്തിൽ ആവിശ്യപ്പെട്ടു.

എന്നാൽ ഭാര്യയുടെ പൊടുന്നനെയുള്ള ഈ മാറ്റം തന്നെ ഞെട്ടിച്ചെന്ന് ഷമി പറഞ്ഞു. ഏതാനും ദിവസം മുന്‍പ് എന്നെ മിസ് ചെയ്യുന്നു എന്നുവരെ പറഞ്ഞതാണ്. ഞങ്ങള്‍ വളരെ സന്തോഷത്തിലുമായിരുന്നു. എല്ലാ പ്രശ്നങ്ങളും ഒരുമിച്ചിരുന്ന് തീര്‍ക്കുക എന്നത് പ്രധാനമാണ്. കുടുംബത്തില്‍ വീണ്ടും സന്തോഷം തിരിച്ചെത്തണം. എന്‍റെ മകളുടെ സന്തോഷവും പ്രധാനമാണ്. അവള്‍ ഒറ്റപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല– ഷമി കൂട്ടിച്ചേർത്തു. ബിസിസിഐയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും എല്ലാം കൃത്യമായി അന്വേഷിച്ച ശേഷമേ അവര്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ഷമി പറഞ്ഞു. വധശ്രമം, ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്.