ഗോൾ നേടി, മദ്യപിക്കുന്ന രീതിയിൽ ആംഗ്യം കാട്ടി; ജിങ്കന് സി.കെ വിനീതിന്റെ പിന്തുണ

കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ റെനി മ്യൂലൻസ്റ്റീൻ മദ്യപനെന്നു കുറ്റപ്പെടുത്തിയ ക്യാപ്റ്റൻ സന്ദേശ് ജിങ്കന് പിന്തുണയുമായി സി.കെ.വിനീത്. ഗോൾ നേടിയ ശേഷം മദ്യപിക്കുന്ന രീതിയിൽ ആംഗ്യം കാണിച്ചാണ് വിനീത് ജിങ്കനുള്ള പിന്തുണ അറിയിച്ചത്. റെനി മ്യൂലൻസ്റ്റീന്റെ ആരോപണങ്ങൾക്ക് വിശദമായി മറുപടി നൽകുമെന്ന് സന്ദേശ് ജിങ്കനും പ്രതികരിച്ചു. 

ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ മദ്യപാനിയാണെന്ന മുൻ പരിശീലകൻ റെനി മ്യൂലൻസ്റ്റീന്റെ ആരോപണത്തിനുള്ള സി.കെ.വിനീതിന്റെ മറുപടിയായിരുന്നു ഈ ആഹ്ലാദ പ്രകടനം. ഒരു ഇംഗ്ലീഷ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് മ്യൂലൻസ്റ്റീൻ ജിങ്കനെതിരെ ആഞ്ഞടിച്ചത്. റെനി മ്യൂലൻസ്റ്റീന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് സി.കെ. വിനീത് പ്രതികരിച്ചു. ടീമിലെ ഏറ്റവും പ്രഫഷണൽ ആയ താരമാണ് ജിങ്കൻ. 

മുഴുവൻ താരങ്ങളും ടീം മാനേജ്മെന്റും ജിങ്കനൊപ്പമാണെന്നും വിനീത് പറഞ്ഞു. താൻ മദ്യപനെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു മാധ്യമങ്ങളോട് ജിങ്കന്റെ മറുചോദ്യം. ആരോപണങ്ങൾക്കെല്ലാം വിശദമായ മറുപടി നൽകുമെന്ന് ജിങ്കൻ വ്യക്തമാക്കി.ആറ് മൽസരങ്ങൾ ബാക്കിയുള്ളതിനാൽ പ്ലേ ഓഫ് സാധ്യതകൾ ഇനിയുമുണ്ടെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പ്രതികരിച്ചു.ബ്ലാസ്റ്റേഴ്സിനു പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയ 29,769 കാണികളെ നിരാശപ്പെടുത്തുന്നതായിരുന്നു ടീമിന്റെ പ്രകടനം.