റിനോ സുഹൃത്തല്ല; എതിരാളി‌‌യെന്ന് സി.കെ.വിനീത്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും ബാംഗ്ലൂർ എഫ്.സിയും ഏറ്റുമുട്ടുമ്പോൾ കൗതുകമുണർത്തുന്ന മറ്റൊരു പോരാട്ടം കൂടിയുണ്ട്. രണ്ട് ആത്മാർഥ സുഹൃത്തുക്കൾ എതിർടീമുകളിൽ നിന്ന് പോരടിക്കുന്നത് കാണാം ആരാധകർക്ക്. മലയാളിതാരങ്ങളായ സികെ വിനീതും റിനോ ആന്റോയുമാണ് ഈ എതിരാളികളായ സുഹൃത്തുക്കൾ. വിനീത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലിറങ്ങുമ്പോൾ റിനോ ബാംഗ്ലൂരിന്റെ പ്രതിരോധ നിരയിലുണ്ടാകും. പണ്ട് വിനീതിനായി ഒരുപാട് ക്രോസുകൾ നൽകിയിട്ടുള്ള റിനോയുടെ കൊച്ചിയിലെ ദൗത്യം വിനീതിനെ പൂട്ടുകയായിരിക്കും. 

സൗഹൃദവും സ്നേഹവുമൊക്കെ കളത്തിനു പുറത്താണെന്ന് പറഞ്ഞ് വിനീത് നിലപാട് വ്യക്തമാക്കി കഴിഞ്ഞു, റിനോ അടുത്ത സുഹൃത്താണ്. ഇന്നും നാളെയും ഒക്കെ റിനോയെ കാണുന്നുണ്ട്. പക്ഷേ കളത്തിനകത്ത് റിനോ എതിരാളി മാത്രമാണ്. ഗ്രൗണ്ടിൽ ഒരു ബന്ധവും തന്നെ ബാധിക്കില്ലെന്നും വിനീത് നിലപാട് വ്യക്തമാക്കുന്നു. 

ഈ അടുത്ത സുഹൃത്തുക്കളുടെ ജഴ്സി നമ്പറിലുമുണ്ട് ഒരു കൗതുകം. ഇരുവരും ധരിക്കുന്നത് പതിമൂന്നാം നമ്പർ ജഴ്സിയാണ്. നേരത്തെ വിനീതും റിനോയും ഒന്നിച്ച് ബാംഗ്ലൂർ എഫ്സിയിൽ കളിച്ചിരുന്നു. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇവർ രണ്ടു ടീമുകളിലായി പരസ്പരം ഏറ്റുമുട്ടുന്നത് തന്നെ.

ബ്ലാസ്റ്റേഴ്സിനായി പതിനൊന്ന് ഗോളുകളാണ് ഐഎസ്എല്ലിൽ വിനീത് നേടിയിട്ടുള്ളത്. ഇയാൻ ഹ്യൂമിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ക്രെഡിറ്റും ഇപ്പോൾ വിനീതിനാണ്.