നോ ബോളിൽ ‘വിക്കറ്റ്’; ഭുമ്രയ്ക്കെതിരെ ട്രോള്‍ പ്രവാഹം

ശ്രീലങ്കയ്ക്കെതിരായ ധര്‍മശാല ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നടുക്കിയൊരു നിമിഷമുണ്ട്. 113 റൺസ് വിജയലക്ഷ്യ‍ം പിന്തുടർന്ന ലങ്ക ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന് നിലയിലായിരുന്നു. ഉപുല്‍ തരംഗയാണ് ക്രീസിൽ  ജസ്പ്രീത് ഭുമ്രയുടെ ബോളില്‍ ദിനേശ് കാർത്തിക്കിന് ക്യാച്ച് നൽകി ഉപുല്‍ തരംഗ ഔട്ടാകുന്നു. ധര്‍മശാലയിലെ ആരാധകർ മുഴുവന്‍ ഇളകി മറിയുന്നു. അപ്പോഴാണ് വിധി നോ ബോളിന്റെ രൂപത്തില്‍ എത്തുന്നത്. കളിയുടെ ഗതി തന്നെ മാറ്റിമറിയ്ക്കുന്ന നോ ബോളായിരുന്നു അത്.  അപ്പോൾ തരംഗയുടെ സമ്പാദ്യം 11 റൺസ് മാത്രമായിരുന്നു. 49 റൺസെടുത്ത തരംഗയുടെ ബാറ്റിങ് കരുത്തിൽ ലങ്ക മൽസരം വരുതിയിലാക്കുകയായിരുന്നു.

നായകനായി അരങ്ങേറ്റം കുറിച്ച രോഹിത്ത് ശർമ പക്ഷേ ഭുമ്രയെ പഴിക്കാൻ തയാറല്ല. ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റിങ്ങായിരുന്നു. ബോളിങ്ങില്‍ ഇന്ത്യക്ക് തോല്‍വി സംഭവിച്ചിട്ടില്ല എന്നാണ് നായകന്‍ രോഹിത് ശർമ പറഞ്ഞത്. എന്നാല്‍ ശ്രീലങ്കന്‍ കോച്ച് നിക് പോത്താസിന്റെ വിലയിരുത്തലില്‍ കളി ശ്രീലങ്കയ്ക്ക് അനുകൂലമായത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് ടോസ് അനുകൂലമായി ലഭിച്ചതും ബുമ്രയുടെ നോ ബോളും‍. അപ്പോള്‍ തരംഗ പുറത്തായിരുന്നെങ്കില്‍ ലങ്ക സമ്മര്‍ദത്തിലായേനേയെന്നും കോച്ച് പറയുന്നു. 

നേരത്തെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്ഫൈനലിലും പാകിസ്താനെതിരെ ഭുമ്രയുടെ ഇത്തരത്തിലൊരു നോബോള്‍ കളിയുടെ വിധി തീരുമാനിച്ചിരുന്നു. എന്തായാലും ആരാധകര്‍ ഭുമ്രയെ ഇത്തവണയും വെറുതെവിട്ടില്ല. താരത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍.