മറക്കില്ല, ഈ ദിനം; ഹാട്രിക് നേട്ടവുമായി ബുമ്ര, റെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഹാട്രിക് നേടിയതിന് പിന്നാലെ മറക്കില്ല ഈ ദിവസം എന്നായിരുന്നു ജസ്പ്രീത് ബുമ്ര ട്വീറ്റ് ചെയ്തത്. ബുമ്രയ്ക്ക് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും മറക്കാനാവാത്ത നേട്ടമാണ് ജമൈക്കയിൽ പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ഇതോടെ ബുമ്ര മാറി. ഹർഭജൻ സിങും ഇർഫാൻ പത്താനുമാണ് മറ്റ് രണ്ടുപേർ. ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റും ബുമ്ര നേടിയിരുന്നു. 

ഡാരൻ ബ്രാവോയ്ക്ക് പിന്നാലെ ബ്രൂക്സിനെയും റോസ്റ്റൻ ചേസിനെയും മടക്കി അയച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിന്റെ ചരിത്രത്തിലെ നാൽപത്തിനാലാം ഹാട്രികും സബൈന പാർക്കിലെ ആദ്യ ഹാട്രികുമാണിത്. തകർപ്പൻ ഫോമിലായ ബുമ്ര വെറും 16 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് നേടിയത്. ഇതോടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ 87 റണ‍്സിന് ഏഴുവിക്കറ്റെന്ന പരിതാപകരമായ നിലയിലാണ് വെസ്റ്റിൻഡീസ്.