ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുമ്ര; കോലിയും രോഹിത്തും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം

ഐസിസിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ. ടീം റാങ്കിങ്ങിൽ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ 3–ാം സ്ഥാനത്തെത്തി. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് ന്യൂസിലാൻഡും രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടുമാണ്. ഒരിടവേളയ്ക്കു ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെ 10 വിക്കറ്റിനു തോൽപിച്ച മത്സരത്തിലെ 6 വിക്കറ്റ് പ്രകടനത്തിന്റെ കൂടി ബലത്തിലാണ് ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ടിനെ പിന്തള്ളി ബുമ്ര വീണ്ടും ഒന്നാമനായത്.

2020 ഫെബ്രുവരിയിലാണു ബുമ്രയ്ക്കു നേരത്തേ ഒന്നാം സ്ഥാനം നഷ്ടമായത്. അതിനു മുൻപുള്ള 730 ദിവസങ്ങൾ ബുമ്രയായിരുന്നു ഒന്നാം സ്ഥാനത്ത്. കപിൽ ദേവിനു ശേഷം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യൻ പേസറുമാണു ബുമ്ര. മുഹമ്മദ് ഷമി ഭുവനേശ്വർ കുമാറിനൊപ്പം 23–ാം സ്ഥാനത്തെത്തി.

ബാറ്റർമാരിൽ, ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ 3–ാം സ്ഥാനക്കാരനായ വിരാട് കോലിയുടെ അരികിലെത്തി. കോലിയും രോഹിത്തും തമ്മിൽ ഒരു റേറ്റിങ് പോയിന്റ് വ്യത്യാസം മാത്രം. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് 44 സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ മികച്ച  സ്ഥാനത്തെത്തി. 

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വൈകിട്ട് 5.30 മുതൽ വിശ്വവിഖ്യാതമായ ലോഡ്സ് ഗ്രൗണ്ടിൽ നടക്കും. ഓവൽ വേദിയായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ ഗംഭീര ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ 6 വിക്കറ്റുമായി ഇംഗ്ലണ്ടിനെ തകർത്തു തരിപ്പണമാക്കിയ പേസർ ജസ്പ്രീത് ബുമ്രയുടെ മിന്നും ഫോമിലാണ് ഇന്നും ഇന്ത്യൻ ക്യാംപ് വിശ്വാസമർപ്പിക്കുന്നത്. ഇംഗ്ലണ്ട് ആകട്ടെ ഈ മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാകും ശ്രമിക്കുക. ടി20 പരമ്പരക്ക് പിന്നാലെ ഏകദിനവും നഷ്ടമായാൽ ഇംഗ്ലണ്ട് ടീമിന് അത് വലിയ തിരിച്ചടിയായി മാറും. അതുകൊണ്ട് തന്നെ മത്സരം തീപാറുമെന്നു പ്രതീക്ഷിക്കാം.