രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും 8 റണ്‍സിനും തോല്‍പ്പിച്ച് കേരളം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മല്‍സരങ്ങളില്‍ അഞ്ചിലും വിജയിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. മല്‍സരത്തിലാകെ 4 വിക്കറ്റുകള്‍ വീഴ്ത്തുകയും 91 റണ്‍സെടുക്കുകയും ചെയ്ത ജലജ് സക്സേനയാണ് മാന്‍ ഓഫ് ദി മാച്ച്. 

ജയം അനിവാര്യമായിരുന്ന പോരാട്ടം. ഹരിയാനയെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്ത് കേരളം ചരിത്രമെഴുതി. ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നാം ഇന്നിങ്സില്‍ 208 റണ്‍സിന് ആതിഥേയരെ പുറത്താക്കിയ കേരളം 389 റണ്‍സെടുത്താണ് ബാറ്റിങ് അവസാനിപ്പിച്ചത്. 181 റണ്‍സ് ലീഡ് വഴങ്ങിയ ഹരിയാന സമനിലക്കുവേണ്ട‍ി ആവുന്നത്ര ശ്രമിച്ചെങ്കിലും കേരളത്തിന്റെ ബോളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ജലജ് സക്സേനയും എം.‍ഡി നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 91 റണ്‍സെടുത്ത ജലജ് സക്സേനയുടെയും 93 റണ്‍സെടുത്ത രോഹന്‍ പ്രേമിന്റെയും ബാറ്റിങ് പ്രകടനമാണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. 

ഗ്രൂപ്പ് ഘട്ടത്തിലെ ആറില്‍ അഞ്ചു മല്‍സരങ്ങളും വിജയിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ശ്രീലങ്കയെ ലോകചാംപ്യന്‍മാരാക്കിയ ഡേവ് വാട്മോര്‍ പരിശീലകനായെത്തിയത് ഗുണം ചെയ്തുവെന്ന് ഈ നേട്ടത്തില്‍ നിന്ന് വ്യക്തം