സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പൊളിച്ചെഴുത്തിന് കായികമന്ത്രി

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പൊളിച്ചെഴുത്തിനൊരുങ്ങി കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോ‍ഡ്. കായികം ഒരു സേവനമാണെന്നും അതിനാല്‍ സായിയുടെ പേരില്‍ നിന്ന് അതോറിറ്റി എന്ന വാക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കായികേതര പ്രവര്‍ത്തനങ്ങള്‍ക്ക് സായിയുടെ ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും രാജ്യവര്‍ധന്‍ സിങ് റാത്തോ‍ഡ് പറഞ്ഞു. 

രാജ്യത്തെ പരമോന്നതകായികവകുപ്പായ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ് പരിഷ്ക്കരണങ്ങള്‍ക്ക് തുടക്കമിടുന്നത്. അധികാരസ്ഥാനം എന്നതിനെ സൂചിപ്പിക്കുന്ന അതോറിറ്റി എന്ന വാക്കിന് കായികരംഗത്ത് പ്രസക്തിയില്ലെന്ന് കായികമന്ത്രി പറഞ്ഞു. നിലവില്‍ സായിയുടെ ഫണ്ടിന്‍റെ നല്ലൊരു ശതമാനവും കായികേതര പ്രവര്‍ത്തനങ്ങള്‍ക്ക് വകമാറ്റുന്നുണ്ട്. എന്നാല്‍, ഇത്തരം ജോലികള്‍ ഇനിമുതല്‍ പുറംകരാറായി നല്‍കാനാണ് നീക്കം. 

എട്ടുമുതല്‍ പതിനെട്ട് വരെ പ്രായമുള്ള കായികപ്രതിഭകളെ കണ്ടെത്താന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ടാലന്‍റ് ഹണ്ട് സംഘടിപ്പിക്കും. തിരഞ്ഞെടുക്കുന്ന സ്കൂളുകള്‍ക്ക് പ്രത്യേകകായിക സൗകര്യങ്ങളുമൊരുക്കും. കായികമേഖലയുടെ വളര്‍ച്ചയ്ക്കായി പ്രത്യേക ബോര്‍ഡിന് രൂപം നല്‍കും. കായികതാരങ്ങള്‍ക്കുള്ള തൊഴില്‍ സംവരണം നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.