മഞ്ഞക്കുപ്പായമണിയാൻ കൊച്ചി; ഐഎസ്എൽ ഇന്ന് കൊട്ടിക്കയറും

വര്‍ണാഭമായ ആഘോഷപരിപാടികളോടെയാവും ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടനം. താരസമ്പന്നമായ ഉദ്ഘാടനച്ചടങ്ങില്‍ കായിക, സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവനും വിറ്റുതീര്‍ന്നിരുന്നു. 

കൊച്ചി ഇന്ന് മഞ്ഞക്കടലാകും. മഞ്ഞക്കുപ്പായങ്ങളണിഞ്ഞ് ഇരമ്പിയാര്‍ത്തെത്തുന്ന ആരാധകരെ വരവേല്‍ക്കാന്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേ‍‍ഡിയം ഒരുങ്ങി. ജേഴ്സി വില്‍പനക്കാര്‍ സജീവമായതോടെ സ്റ്റേഡിയം പരിസരം മഞ്ഞയണിഞ്ഞുകഴിഞ്ഞു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍റേയും കത്രീന കൈഫിന്റേയും നൃത്തച്ചുവടുകളാകും ഉദ്ഘാടന പരിപാടികളിലെ പ്രധാന ആകര്‍ഷണം. ടീമുടമകളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ഉദ്ഘാടനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എഫ്.എസ്.ഡി.എല്‍ അധ്യക്ഷ നിത അംബാനി തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാകും ഉദ്ഘാടന പരിപാടികള്‍. കാണികള്‍ക്ക് ആസ്വദിക്കാന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്. അന്‍പത്തിഅയ്യായിരത്തോളം സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. അണ്ടര്‍ 17 ലോകകപ്പിന്റേതുപോലെ കര്‍ശന നിയന്ത്രണങ്ങള്‍ ഐഎസ്എല്ലിന് ഉണ്ടാകില്ല. ഫുട്ബോള്‍ ആരാധകരുടെ സൗകര്യാര്‍ഥം കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ നടത്തും. രാത്രി പതിനൊന്നു പതിനഞ്ച് വരെ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കും ട്രെയിനുകളുണ്ടാകും.