മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഒാടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഒാടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പുറത്ത് വച്ച് കാറിനു പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് പിൻതുടർന്ന് പിടികൂടിയപ്പോഴാണ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായത്.

അപകടത്തിനു പിന്നാലെ ബസ് ഒാടിച്ച സുൽത്താൻ ബത്തേരി ഡിപ്പോയിലെ ഡ്രൈവറും കൽപറ്റ മുട്ടിൽ സ്വദേശിയുമായ അജിയാണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച രാത്രി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് സംഭവം. ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കുറ്റിപ്പുറം ടൗണിൽ വച്ചാണ് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചത്. കാറിന്റെ പിൻഭാഗത്തെ ലൈറ്റുകളും ബംബറും തകർന്നു. അപകടത്തിനുശേഷം നിർത്താതെ പോയ ബസിനെ കാറിലുള്ളവർ പിന്തുടർന്ന് എടപ്പാൾ മാരിൽ വച്ച് പിടികൂടുകയായിരുന്നു. 

യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി മാത്തൂരിലെ ഹോട്ടിലിനു മുന്നിൽ ബസ് നിർത്തിയതോടെയാണ് പിന്തുടര്‍ന്നെത്തിയ കാറിലെ യാത്രക്കാര്‍ ഡ്രൈവറോട് ടൗണിലുണ്ടായ അപകടത്തെക്കുറിച്ച് ചോദിച്ചത്. ഡ്രൈവർ മദ്യപിച്ചതായി സംശയം തോന്നിയതോടെ പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് കുറ്റിപ്പുറം സിഐ പ്രമോദിന്റെ നേതൃത്വത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ  മദ്യപിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു.

Drunk KSRTC bus driver arrested