മദ്യം എടുത്ത് ബില്ല് ചെയ്യാതെ കടക്കും; ബവ്റിജസ് ഔട്‌ലെറ്റില്‍ ലക്ഷങ്ങളുടെ നഷ്ടം

നഗരത്തിലെ പ്രീമിയം മദ്യ വിൽപന കേന്ദ്രത്തിൽ നിന്ന് വില കൂടിയ മദ്യം കവർന്നതായി പരാതി. ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് തിരക്കുള്ള വിവിധ ദിവസങ്ങളിലായെത്തി കവർന്നതെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിലുണ്ട്. ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ യുവാവിന്റെ പേരില്‍ കേസെടുത്ത് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.  

മദ്യത്തിന്റെ തരം നോക്കി, വില നോക്കി, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പിന്നീട് ബില്ലിങിന് നല്‍കിയാല്‍ മതി. അതാണ് പ്രീമിയം കൗണ്ടറിന്റെ പ്രധാന പ്രത്യേകത. ഈ പറഞ്ഞ കാര്യങ്ങളെല്ലാം യുവാവ് കൃത്യമായി ചെയ്തു. ബില്ലിങ് ഒഴികെ. മദ്യം നോക്കിയെടുത്തതിന് പിന്നാലെ ഫോണില്‍ സംസാരിച്ച് പുറത്തേക്കിറങ്ങുന്നത് കൃത്യമായി സിസിടിവിയില്‍ പതിഞ്ഞു. ഫോണ്‍ വന്നത് കൊണ്ടാണ് ബില്‍ കൗണ്ടറില്‍ പോകാതെ പുറത്തിറങ്ങിയതെന്ന് വാദിച്ചിട്ടും കാര്യമില്ല. കാരണം സമാന രീതിയിലുള്ള മദ്യക്കടത്ത് നേരത്തെയും യുവാവ് ചെയ്തിരുന്നുവെന്നാണ് ബവ്റിജസിലെ ജീവനക്കാര്‍ പറയുന്നത്. 

ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയതിനാല്‍ പൊലീസിന് മറ്റൊന്നും നോക്കേണ്ടി വന്നില്ല. ആളെ മനസിലാക്കി അന്വേഷണം തുടങ്ങി. വിലകൂടിയ മദ്യം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല ഇത് പതിവായ സാഹചര്യത്തിലാണ് കണക്കിലും എണ്ണത്തിലും വലിയ അന്തരം വന്നത്. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായും ജീവനക്കാര്‍ സ്ഥിരീകരിച്ചു. തിരക്കുള്ള വിവിധ ദിവസങ്ങളിലായെത്തി മദ്യം കടത്തിയെന്ന പരാതിയില്‍ വൈകാതെ നടപടിയുണ്ടാകുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

Theft at Palakakd premium outlet