നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ മരണം; ദുരൂഹത തുടരുന്നു

കോഴിക്കോട് നാദാപുരത്ത് കാസര്‍കോട് സ്വദേശി മരിച്ചതില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴി‍ഞ്ഞിട്ടും അപകട മരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അതേസമയം യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിന് സമീപം കാറിൽ നിന്ന് വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്ത് നിന്ന് ഒരാള്‍ ഒാടിപോകുന്നത് കണ്ടതാണ് നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് ശ്രീജിത്ത് ഇയാള്‍ക്കൊപ്പം  നാദാപുരത്ത് എത്തിയതെന്നാണ് സൂചന. 

കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണ് നിഗമനം.  ഇതോടെ കാര്‍ ഉപേക്ഷിച്ച് കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാ‌ണെന്ന് മനസിലായത്. തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍ പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റ ദേഹത്തു കൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ്  ഇയാള്‍ യുവതിയെ  ഫോണില്‍ അറിയിച്ചതെന്നാണ്  മൊഴി. എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.  അതേസമയം ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Nadpuram youth death case