വിമാന മാര്‍ഗം കേരളത്തിലേക്ക് ലഹരിക്കടത്ത്; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം കേരളത്തിലേക്ക് ലഹരിക്കടത്തിയ രണ്ടു യുവാക്കള്‍ തൃശൂരില്‍ അറസ്റ്റില്‍. അരക്കിലോ എം.ഡി.എം.എ. കണ്ടെടുത്തു. സംസ്ഥാനത്ത് സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിത്. 

തൃശൂര്‍ േകച്ചേരി സ്വദേശികളായ ദയാലും അഖിലുമാണ് എം.ഡി.എം.എയുമായി പിടിയിലായത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിച്ച നാലുലക്ഷം രൂപയുമായാണ് ഇരുവരും ഡല്‍ഹിയിലേക്ക് കരിപ്പൂരില്‍ നിന്ന് വിമാനം കയറിയത്. വിദേശ പൗരനുമായാണ് ലഹരിക്കച്ചവടം. വിദേശപൗരന്റെ അക്കൗണ്ടിലേയ്ക്കു നാലു ലക്ഷം രൂപ അയച്ചു. 500 ഗ്രാം എം.ഡി.എം.എ. വാങ്ങി. ഇതില്‍, നാനൂറു ഗ്രാം എം.ഡി.എം.എ കൊച്ചിയിലെ കുറിയര്‍ സര്‍വീസ് വഴി എത്തിച്ചു. നൂറു ഗ്രാം കൊണ്ടുവന്നതാകട്ടെ വിമാനത്തിലും. സേലം വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം പല ബസുകള്‍ മാറിക്കയറി തൃശൂരില്‍ എത്തി. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ആദിത്യ്ക്കു ലഭിച്ചിരുന്നു. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇരുവരേയും അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് വിമാനത്തിലൂടേയും കുറിയര്‍ സര്‍വീസ് വഴിയും ലഹരിക്കടത്തിയതായി വ്യക്തമായത്. ചില്ലറ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണിതെന്ന് പൊലീസ് പറഞ്ഞു. നാലുതവണ സമാനമായി കേരളത്തിലേക്ക് ലഹരിക്കടത്തിയതായി പ്രതികള്‍ സമ്മതിച്ചു. വിദേശ പൗരനെ പിടികൂടാന്‍ കേരള പൊലീസ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചു.