ഒരു ഈന്തപ്പഴം മാത്രം കഴിച്ച് വ്രതം; സഹോദരന്‍മാര്‍ മരിച്ച നിലയില്‍

goa
SHARE

ദിവസം ഒരു  ഈന്തപ്പഴം മാത്രം കഴിച്ച് വ്രതമനുഷ്ടിച്ച സഹോദരന്‍മാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലെ മര്‍ഗാവിലാണ് സംഭവം. 27ഉം 29ഉം വയസുള്ള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. വീട്ടില്‍ ഇവരോടൊപ്പം അവശനിലയില്‍ കണ്ടെത്തിയ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ഗോവയിലെ മര്‍ഗാവില്‍ ഇന്നലെ രാവിലെയാണ് സംഭവം. സഹോദരങ്ങളായ സുബേര്‍ ഖാന്‍, ആഫാന്‍ ഖാന്‍ എന്നിവരെ വീട്ടിലെ രണ്ടു മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തുകയിരുന്നു. തൊട്ടപ്പുറത്ത് ഇവരുടെ അമ്മ റുഖ്‌സാന ഖാനെ അവശനിലയിലും കണ്ടെത്തി. മെലിഞ്ഞൊട്ടിയ നിലയിലായിരുന്നു സഹോദരങ്ങളുടെ മൃതദേഹം. ഭാര്യയും മക്കളുമായി അകന്നുകഴിഞ്ഞിരുന്ന അച്ഛന്‍ നസീര്‍ ഖാന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതികരണം ഉണ്ടായില്ല. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പൊലീസ് എത്തി പരിശോധിച്ചപ്പോളാണ് മക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനമായ വൃതാനുഷ്ടാനം ഉള്‍പ്പെടെ റുഖ്സാനയുടെയും മക്കളുടെയും വിചിത്രമായ ഭക്ഷണ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്ന നസീര്‍ ഖാന്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. 

മാസങ്ങളായി ബന്ധുക്കളുമായോ അയല്‍ക്കാരുമായോ ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ആഴ്ചകളോളം ദിവസം ഒരു ഈന്തപ്പഴം മാത്രമാണ് ഇവര്‍ കഴിച്ചിരുന്നതെന്നാണ് നിഗമനം. പേശികള്‍ ശോഷിച്ചതും പോഷകാഹാര കുറവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. എന്‍ജിനീയറായ സുബേര്‍ ഖാന്‍ വിവാഹിതനാണ്. സഹോദരന്‍ ആഫാന്‍ ഖാനും ഉന്നതപഠനം പൂര്‍ത്തിയാക്കിയിരുന്നു. അമ്മയുമായി ഇവര്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതായും വിചിത്രമായ സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അവശനിലയിലായിരുന്ന അമ്മ റുഖ്‌സാന ഖാനെ അടിയന്തര ചികില്‍സയ്ക്ക് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഗോവ പൊലീസ് കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

The brothers were found dead at home

MORE IN Kuttapathram
SHOW MORE