വെളളം ചോദിച്ചെത്തി; വീട്ടമ്മയുടെ മാല പൊട്ടിച്ചോടി; റമ്മി കളിക്കാനെന്ന് പ്രതി

ഒാണ്‍ലൈന്‍ വഴി റമ്മി കളിക്കാനായി വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചല്‍ കോമളത്ത് നാലു ദിവസം മുന്‍പാണ് കേസിനാസ്പദമായത് നടന്നത്.

അഞ്ചൽ കാഞ്ഞുവയൽ സുധീർ മൻസിലിൽ മുഹമ്മദ് യഹിയ എന്ന ഇരുപതുകാരനാണ് പിടിയിലായത്. നാലു ദിവസം മുന്‍പ് കോമളം അരവിന്ദാരമത്തിൽ ധർമലതയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. 

അർജുനൻ എന്നയാളുടെ മേൽവിലാസം തിരക്കിയാണ് യുവാവ് ധര്‍മലതിയുടെ വീട്ടിലെത്തിയത്. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കുടിക്കാന്‍ വെളളം ചോദിച്ചു. വെളളം എടുക്കാന്‍ വീട്ടമ്മ അടുക്കളയിലേക്ക് പോകുമ്പോഴാണ് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് പ്രതി കടന്നുകളഞ്ഞത്. മാല പോയതില്‍ വിഷമമില്ല, മാല സ്വർണമല്ല മുക്കപണ്ടമായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടര്‍ന്നു. 

ബൈക്കില്‍ രക്ഷപെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഓൺലൈനിലൂടെ റമ്മി കളിക്കുന്നതിന് പണത്തിനുവേണ്ടിയാണ് മാല പൊട്ടിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ബിരുദധാരിയായ യുവാവ് ഓൺലൈൻ വഴി റമ്മികളിച്ച് നേരത്തെയും പണം നഷ്ടപ്പെടുത്തിയിരുന്നു. യുവാവിന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെന്നാണ് വിവരം. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.