കരുതലിനൊരു ‘കുറ്റി’, പഠിച്ച കള്ളൻ; 1.4 കോടിയുടെ സ്വർണം കവർന്നത് അനായാസം

ഗുരുവായൂർ: ആനക്കോട്ടയ്ക്കു സമീപം തമ്പുരാൻപടിയിൽ വീട്ടുകാർ സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്നു. തമ്പുരാൻപടി ‘അശ്വതി’ കുരഞ്ഞിയൂർ കെ.വി. ബാലന്റെ വീട്ടിൽ വ്യാഴം രാത്രി 7.30നായിരുന്നു കവർച്ച. ഒരു കോടി 40 ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. മതിൽ ചാടിയെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ബാലനും ഭാര്യ രുഗ്‌മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും ഉച്ചയ്ക്ക് 2.30 ന് തൃശൂരിൽ സിനിമ കാണാൻ പോയിരുന്നു.

വീട്ടിൽ തോട്ടത്തിൽ ജോലി ചെയ്തിരുന്നയാൾ 5 മണിയോടെ ഗേറ്റ് പൂട്ടി പോകുകയും ചെയ്തു. സിനിമയ്ക്കു ശേഷം ഭക്ഷണം കഴിച്ച് അർജുനെ മുണ്ടൂരിൽ മകളുടെ വീട്ടിൽ ഇറക്കി ബാലനും കുടുംബവും രാത്രി 9.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റി ഇട്ടതായി കണ്ടു. പിന്നിൽ ഒന്നാം നിലയിലെ വാതിൽ തുറക്കാനെത്തിയപ്പോൾ അതു കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പിന്നിലെ വാതിലിനൊപ്പം ഇരുമ്പു ഗ്രിൽ ഉണ്ടായിരുന്നെങ്കിലും ഇത് പൂട്ടിയിരുന്നില്ല.

വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാര പൊളിച്ച് ഉള്ളിലെ പൂട്ടു തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും രൂപയും കവരുകയായിരുന്നു. ഒരു കിലോയുടെ 2 സ്വർണ ബാറുകൾ, 116.64 ഗ്രാം വീതം തൂക്കമുള്ള 3 സ്വർണ ബിസ്കറ്റുകൾ, വള, മാല, നെക്‌ലസുകൾ, 40 പവന്റെ സ്വർണം എന്നിവയടക്കം 2.67 കിലോ സ്വർണമാണു കവർന്നത്.

40 വർഷത്തോളം ദുബായിൽ സ്വർണവ്യാപാരം നടത്തിയിരുന്ന ബാലന്റെ ആയുഷ്കാല സമ്പാദ്യമാണു നഷ്ടമായത്. വീട്ടിലെ മറ്റു മുറികളോ അലമാരകളോ തുറക്കാൻ ശ്രമിക്കാത്തതിനാൽ വീട്ടിലെ സ്വർണത്തെക്കുറിച്ച് അറിവുള്ള ആരോ ആണു മോഷണത്തിനു പിന്നിലെന്നു സംശയമുണ്ട്. വ്യാഴം രാത്രിയും ഇന്നലെ പകലുമായി പൊലീസ്, ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്ധർ എന്നിവരെത്തി പരിശോധനകൾ നടത്തി. 3 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

വന്നു, തുറന്നു, എടുത്തു, മടങ്ങി

മറന്നു വച്ച സാധനം തിരിച്ച് എടുത്തു കൊണ്ടു പോകുന്ന പോലെ അനായാസമാണ് മോഷ്ടാവ് ഓപ്പറേഷൻ നടത്തിയത്. മുപ്പതിൽ താഴെ പ്രായം, ആരോഗ്യവാനായ ചെറുപ്പക്കാരൻ എന്നാണു പൊലീസിന്റെ നിഗമനം. പാന്റും ഷർട്ടും തൊപ്പിയും ബാഗും ധരിച്ച് നടന്നുവരുന്ന കള്ളന്റെ രൂപമാണ് സിസിടിവി ദൃശ്യത്തിലുള്ളത്. മുഖം മാസ്ക് ഉപയോഗിച്ചു മറച്ചിട്ടുണ്ട്. സിസിടിവിയുണ്ടെന്നു മനസ്സിലാക്കി കൈ കൊണ്ടു മറച്ചു നടന്നു പോകുന്നതാണു ലഭിച്ചിരിക്കുന്ന ദൃശ്യം.

തെക്കുഭാഗത്തെ മതിൽ ചാടിക്കടന്നാണ് എത്തിയത്. ശുചിമുറിയുടെ ഭാഗത്ത് കത്തി നിന്നിരുന്ന ബൾബ് ഊരി മാറ്റി. പിന്നിലെ കോണിയിലൂടെ മുകളിൽ കയറി. വാതിൽ ആയുധം കൊണ്ട് തുറന്ന് അകത്തു കയറി. മുകളിലത്തെ 4മുറികളും പൂട്ടിയിരുന്നു. അവിടെയൊന്നും കയറാതെ താഴെ എത്തി. പൂട്ടാത്ത കിടപ്പു മുറിയിലെ സ്വർണം വച്ചിരുന്ന ഇരുമ്പ് അലമാരയുടെ മുകൾ ഭാഗം തുറന്ന് ലോക്കറുകൾ പൊളിച്ച് മോഷണം നടത്തി വന്നവഴി മടങ്ങി.

കരുതലിനൊരു ‘കുറ്റി’; പഠിച്ച കള്ളനെന്നു പൊലീസ്

വീട്ടിലെ മറ്റുമുറികളും അലമാരകളും തുറക്കാതെ സ്വർണം വച്ചിരുന്ന അലമാര മാത്രം തുറന്നതിനാൽ പരിചയക്കാർ ആരെങ്കിലുമാവും കവർച്ച നടത്തിയതെന്നു കരുതിയെങ്കിലും പൊലീസ് ഇതു പൂർണമായും കണക്കിലെടുത്തിട്ടില്ല. അകത്തുകയറിയ കള്ളൻ ആദ്യം ചെയ്തത് വീട്ടുകാർ പുറത്തുനിന്നു പൂട്ടിപ്പോയ മുൻവാതിൽ അകത്തു നിന്നു കുറ്റിയിടുകയാണ്. മോഷണ സമയത്ത് വീട്ടുകാർ എത്തിയാലും വാതിൽ തുറക്കാൻ പറ്റാതെ വരുന്ന ആശയക്കുഴപ്പത്തിന്റെ സമയത്ത് രക്ഷപ്പെടാനായി പതിവു കള്ളന്മാർ ചെയ്യുന്നതാണ് ഈ രീതി.

വാതിൽ കുറ്റിയാൻ താഴെ ഇറങ്ങി വന്ന കള്ളന്റെ മുന്നിലുള്ള ആദ്യത്തെ മുറിയിൽ തന്നെയുള്ള അലമാരയാകാം ആദ്യം പൊളിച്ചത്. ഇതിൽ നിന്നു തന്നെ സ്വർണം കിട്ടിയതോടെ അതിവേഗം സ്ഥലം വിട്ടതാവുമെന്നും പൊലീസ് കരുതുന്നു. എങ്കിലും അടുത്തകാലത്ത് വീടുമായി ബന്ധപ്പെട്ടവരെക്കുറിച്ചു പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. കുറച്ചുദിവസങ്ങൾക്കു മുൻപ് ഇതരസംസ്ഥാനക്കാർ അടക്കമുള്ളവർ പെയിന്റിങ് ജോലിക്ക് എത്തിയിരുന്നു.

സയന്റിഫിക് ഓഫിസർ തോയിബ കൊട്ടേക്കാടിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിഭാഗവും യു.രാംദാസ്, കെ.എസ്.ദിനേശൻ, പി.ആർ.ഷൈന എന്നീ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ്, ടെംപിൾ സിഐ സി.പ്രേമാനന്ദ കൃഷ്ണൻ, ഗുരുവായൂർ സിഐ പി.കെ.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മിഷണർ, എസിപി, ഗുരുവായൂർ എസ്എച്ച്ഒ എന്നിവരുടെ 3 സ്ക്വാഡുകളാണ് അന്വേഷിക്കുന്നത്.

സുരക്ഷ ഉണ്ടായിട്ടും അശ്രദ്ധ

വിവിധ സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള വീട്ടിൽ അത് ഉറപ്പാക്കുന്നതിൽ അശ്രദ്ധ ഉണ്ടായതായി പൊലീസ്. പിന്നിലെ വാതിലിനു പുറത്ത് ഇരുമ്പ് ഗ്രിൽ ഘടിപ്പിച്ച വാതിൽ ഉണ്ടായിരുന്നെങ്കിലും അത് പൂട്ടിയിരുന്നില്ല. സ്വർണം സൂക്ഷിച്ച അലമാര പൂട്ടിയെങ്കിലും മുറിയുടെ വാതിൽ പൂട്ടിയിരുന്നില്ല. വീട്ടിൽ നായ ഉണ്ടെങ്കിലും അഴിച്ചു വിട്ടിരുന്നില്ല. സിസിടിവി ഉണ്ടായിരുന്നെങ്കിലും ക്യാമറകൾ വേണ്ടത്ര സ്ഥാപിച്ചിരുന്നതുമില്ല.