ശ്രീലങ്കയിലേക്കു കഞ്ചാവ് കടത്താന്‍ ശ്രമം; മലയാളികള്‍ തമിഴ്നാട്ടില്‍ അറസ്റ്റിൽ

ശ്രീലങ്കയിലേക്കു കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളികള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. 170 കിലോ കഞ്ചാവുമായി വേളാങ്കണ്ണിയില്‍ വച്ചാണു നാഗപട്ടണം പൊലീസ് തിരുവനന്തപുരം സ്വദേശികള്‍ ഉള്‍പ്പെട്ട സംഘത്തെ പിടികൂടിയത്.  ആന്ധ്രപ്രദേശില്‍ നിന്നു വാങ്ങിയ കഞ്ചാവ് വേദാരണ്യം വഴി  ബോട്ടുമാര്‍ഗം കടത്താനായിരുന്നു ശ്രമം.

പൊങ്കല്‍ തിരക്കിന്റെ മറപ്പിടിച്ചു ലഹരിക്കടത്തിനു മാഫിയകള്‍ കോപ്പുകൂട്ടുന്നുവെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില്‍ നാഗപട്ടണം പൊലീസിന്റെ സമര്‍ഥമായ നീക്കത്തിനൊടുവിലാണ് രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. വേളാങ്കണ്ണിക്കു സമീപം  സംശയകരമായ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കേരള, കര്‍ണാടക  റജിസ്ട്രേഷന്‍ കാറുകള്‍ പൊലീസ് വളയുകയായിരുന്നു. 

രണ്ടു കിലോ വീതമുള്ള 85 പാക്കറ്റുകളാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം ചേക്കുളം സ്വദേശി സിനു ബ്രൈറ്റ്,പൂവച്ചല്‍ സ്വദേശി ഉത്തപ്പന്‍, പന്നിയോട് സ്വദേശി അനീഷ് കുമാര്‍, അരശിന്‍മൂട് സ്വദേശി അക്ഷയ് അടക്കം ഒന്‍പതു പേരാണ് പിടിയിലായത്. മൂന്നുപേര്‍  കര്‍ണാടക സ്വദേശികളും മറ്റു രണ്ടുപേര്‍ നാഗപട്ടണത്തുകാരുമാണ്.