വിസ്മയയുടെ ആത്മഹത്യ; സാക്ഷി വിസ്താരം തുടരുന്നു

കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം ഒന്നാം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷി വിസ്താരം തുടരുന്നു. വിസ്മയയുടെ സഹോദരന്റെ ഭാര്യയുടെ വിസ്താരം പൂര്‍ത്തിയായി. കഴിഞ്ഞദിവസം വിസ്മയയുടെ അച്ഛന്‍ ഉള്‍പ്പെടെയുളളവരെ വിസ്തരിച്ചിരുന്നു.

വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ.രേവതിയെയാണ് കൊല്ലം ഒന്നാം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചത്. ജഡ്ജ് കെഎൻ സുജിത്ത് മുമ്പാകെ കേസിലെ രണ്ടാം സാക്ഷിയായാണ് പ്രോസിക്യൂഷന്‍ ‍ഡോ.രേവതിയെ വിസ്തരിച്ചത്. വിവാഹം കഴിഞ്ഞ് ഏകദേശം ഒരുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ സ്ത്രീധനത്തിന്റ േപരില്‍ കിരണില്‍ നിന്ന് ഉപദ്രവം ഉണ്ടായെന്ന് വിസ്മയ തന്നോട് നേരിട്ടു പറഞ്ഞതായി ഡോ.രേവതി സാക്ഷിമൊഴി നല്‍കി. വാട്സ്ആപ്പ് ചാറ്റുകളിലൂടെയും അറിഞ്ഞിരുന്നു. 

ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കിരൺ വിസ്മയയെ ഭിത്തിയോട് ചേർത്തുനിർത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്തു. മുഖത്ത് കാൽ കൊണ്ട് ചവിട്ടിപ്പിടിച്ചു. കാർ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് ഓണസമയത്ത് കാറിൽവച്ച് വഴക്കുണ്ടായി. ഇതേ തുടർന്ന് വിസ്മയയ്ക്ക് റോഡിലിറങ്ങി നില്‍ക്കേണ്ടിവന്നു. ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്ല്യാണം കഴിച്ചതെന്നും പക്ഷേ കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്ന് കിരൺ പറയുമായിരുന്നുവെന്ന് രേവതി കോടതിയില്‍ വെളിപ്പെടുത്തി. മാനസിക സമ്മർദം താങ്ങാനാകാതെ താൻ ആത്മഹത്യയുടെ ഘട്ടത്തിലാണെന്ന് പറഞ്ഞപ്പോൾ നീ ചത്താൽ പാട്ടക്കാറും നിന്നെയും സഹിക്കേണ്ടല്ലോ എന്നാണ് കിരൺ പറഞ്ഞത്. പിന്നീടാണ് കരയോഗത്തിൽ പരാതി നൽകിയതെന്ന് രേവതി കോടതിയില്‍ പറഞ്ഞു. ഡോ.രേവതിയുടെ എതിർവിസ്താരം പതിനേഴിന് നടക്കും.