മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട ബൈക്കുകളും തുമ്പായി; മോഷ്ടാക്കൾ പിടിയിൽ

പാലക്കാട് മീനാക്ഷിപുരം നന്ദിയോട് മൊബൈൽ കടയുടെ പൂട്ട് കുത്തിതുറന്ന് മോഷണശ്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി നിരഞ്ജന്‍, തൃശൂർ സ്വദേശി സത്യരാജ് എന്ന വിഷ്ണു എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികളായ മൂന്നുപേര്‍ക്കായി മീനാക്ഷിപുരം പൊലീസ് അന്വേഷണം വിപുലമാക്കി. കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാത്രിയിലാണ് നാഗിർപാടം സ്വദേശി ഷമീറിന്റെ ഉടമസ്ഥതയിലുള്ള നന്ദിയോട് മൊബൈൽ ഷോപ്പില്‍ മോഷണശ്രമം നടന്നത്. കടയുടെ പരിസരത്ത് നിന്ന് ഒരു മൊബൈൽ ഫോണും സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചും ബൈക്കിന്റെ ഉടമയെ പിന്തുടര്‍ന്നും പൊലീസും, സൈബർ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കടയുടെ പൂട്ട് ചുറ്റിക ഉപയോഗിച്ച് പൊളിച്ച് ഷട്ടർ തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് അയൽവാസിയായ വീട്ടമ്മ ഉണർന്നതാണ് മോഷണശ്രമം വിഫലമാക്കിയത്. അടുത്തുള്ളവര്‍ ഉണര്‍ന്നുവെന്ന് മനസിലാക്കിയതോെട മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടാൻ സഹായകമായി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങള്‍ രണ്ടും കൊടുവായൂർ സ്വദേശികളുടെ മോഷണം പോയ ബൈക്കുകളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സത്യരാജിനെ ത്യശൂരിൽ നിന്നും നിരജ്ഞനെ കോട്ടയത്തുനിന്നുമാണ് മീനാക്ഷിപുരം പൊലീസിന്റെ അന്വേഷണ സംഘം പിടികൂടിയത്. അ‍ഞ്ചുപേരടങ്ങുന്ന കവര്‍ച്ചാ സംഘത്തിലെ മറ്റ് മൂന്നുപേര്‍ക്കായി അന്വേഷണം വിപുലമാക്കി. പിടിയിലായവര്‍ വിവിധ ജില്ലകളിലായി നേരത്തെയും കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യും.