ക്യൂനിന്നതിന് പിഴ; പെറ്റിയടിച്ച പൊലീസിനോട് പൊട്ടിത്തെറിച്ച് പെൺകുട്ടി

ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് വിചിത്രമായ പൊലീസ് നടപടിയുണ്ടായത്. യുവതിയും പൊലീസുകാരും തമ്മിലുളള വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ചടയമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വന്നപ്പോള്‍ എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു വന്നത്. അവിടെ പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കുതർക്കം നടക്കുന്നത് കണ്ടപ്പോള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാള്‍ മറുപടി പറഞ്ഞപ്പോള്‍ ഗൗരിക്കും കിട്ടി പിഴ.

സാമൂഹീക അകലം പാലിച്ചില്ലെന്നായി കുറ്റം. ഇതിനെച്ചൊല്ലിയായി പിന്നീട് ഗൗരിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം. ഉടനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നായി അടുത്ത കുറ്റം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുകയാണ് പൊലീസ്. പൊലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് യുവതി പരാതി നല്‍കി. മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി പൊലീസ് അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് മറുപടി നൽകിയതായി ഗൗരി പറഞ്ഞു.