മിനിലോറിയിലും കാറിലും 685 ലീറ്റർ മദ്യം കടത്തി; രണ്ടുപേർ പിടിയിൽ

കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ നടന്ന എക്സൈസ് പരിശോധനയിൽ 685 ലീറ്റർ കർണാടക മദ്യം പിടികൂടി. മിനിലോറിയിലും കാറിലും കടത്തുകയായിരുന്ന മദ്യവുമായി കൂടാളിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പൊടിക്കുണ്ടിൽ നടത്തിയ പരിശോധനയിൽ 724 കുപ്പി മദ്യവും പിടികൂടി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കൂടാളി യു പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് 279 ലിറ്റർ കർണാടക മദ്യം പിടികൂടിയത്. മിനി ലോറിയിലും കാറിലുമായി കടത്തുകയായിരുന്നു. മൈസൂരു ബസവേശ്വര നഗറിലെ മുഹമ്മദ് അഷ്റഫ്, മട്ടന്നൂർ കല്ലൂരിലെ സി പി അഷ്കർ എന്നിവരെ അറസ്റ്റു ചെയ്തു. മദ്യക്കടത്തു സംഘത്തിലെ പ്രധാനിയായ പ്രജീഷ് എന്നയാൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

മിനി ലോറിയിയിൽ  തണ്ണി മത്തനുകൾക്കടിയിൽ ഒളിപ്പിച്ച് കടത്തികൊണ്ടുവന്ന മദ്യക്കുപ്പികൾ രഹസ്യ കേന്ദ്രത്തിൽ വച്ച് കാറിലേക്ക് മാറ്റുന്നതിനിടയിലാണ് എക്സൈസിന്റെ പിടിയിലായത് . പ്രിവൻ്റീവ് ഓഫിസർ വി സുധീർ , സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫിസർമാരായ പി ടി സജിത്ത് , കെ നിവിൻ , ഡ്രൈവർ എൻ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റ നർക്കോട്ടിക് സ്പെഷ്യൽ സക്വാഡ് നടത്തിയ പരിശോധനയിലാണ് പൊടിക്കുണ്ട് വച്ച് മദ്യം പിടികൂടിയത്.

മാരുതി വാനിൽ കടത്തിയ 406 ലിറ്റർ കർണാടക മദ്യമാണ് പിടികൂടിയത്. പുഴാതി നീരൊഴുക്കും ചാൽ സ്വദേശി കെ അനിൽ കുമാറിന്റെ പേരിൽ കേസെടുത്തു. പതിനൊന്നു ചാക്കുകളിലായി 724 കുപ്പി മദ്യമാണുണ്ടായിരുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ, പ്രിവന്റീവ് ഓഫിസർമാരായ വി പി സിജിൽ, കെ ഷജിത്ത്, ടി ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.