വൈഗയെ കൊലപ്പെടുത്തിയത് സനുമോഹൻ തനിച്ച്; 90 ദിവസത്തിനകം കുറ്റപത്രം

പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സാനുമോഹനെതിരെ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം. വൈഗയെ കൊലപ്പെടുത്തിയത് സനുമോഹൻ തനിച്ചാണെന്നു പൊലീസ് സ്ഥിരീകരിച്ചു. സനുമോഹൻ പ്രതിയായ മുംബൈയിലെ പണംതട്ടിപ്പു കേസിൽ അന്വേഷണം തുടരുകയാണ് മുംബൈ പൊലീസ്. 

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ തനിച്ചാണോ എന്നതായിരുന്നു തുടക്കം മുതലേ അന്വേഷണ സംഘത്തിന്റെ സംശയം . സനു മോഹനാണ്‌ കൊലയാളിയെന്നു മൊഴി ലഭിച്ചതോടെ കൊലയുടെ കാരണത്തിൽ ദുരൂഹത വർധിച്ചു . കടക്കെണി മൂലം മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന്‌ പ്രതി മൊഴി നൽകി. മൂകാംബികയിൽ വെച്ചു ജീവനൊടുക്കാൻ ശ്രമിച്ചെന്ന സാനുമോഹന്റെ മൊഴി കളവാണെന്നും പൊലീസ് കണ്ടെത്തി . 

സനുമോഹന്റെ ഭാര്യയെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിൽ പങ്കുള്ളതായി സൂചനകളൊന്നും ലഭിച്ചില്ല. സനുമോഹന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തു . ഒടുവിൽ പൊലീസ് ഉറപ്പിക്കുകയാണ് സനുമോഹൻ തനിച്ചാണ് കൊല നടത്തിയതെന്ന് . മൂന്നു സംസ്ഥാനങ്ങളിലും കൊണ്ടുപോയി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത്. 

വൈഗയിൽ നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിനു ബലം നൽകുമെന്ന് പൊലീസ് കണക്കു കൂട്ടുന്നു. തൊണ്ണൂറ് ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിച്ചു സാനുമോഹന് ജാമ്യം നേടാനുള്ള വഴി അടക്കാനാണ് പൊലീസ് തീരുമാനം. മുംബൈയിലെ അന്വേഷണം പൂർത്തിയാക്കി മുംബൈ പൊലീസും വൈകാതെ കുറ്റപത്രം നൽകും.