ഒളിവ് ജീവിതം ആഘോഷമാക്കി സനു മോഹന്‍; തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിച്ച് പൊലീസ്

2021 മാര്‍ച്ച് 21ന് കേരളത്തെ ഞെട്ടിച്ചായിരുന്നു വൈഗ കൊലക്കേസ് വാര്‍ത്ത എത്തുന്നത്. വൈഗ എന്ന പതിമൂന്നുകാരിയെ മുട്ടര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളും അച്ഛനും ആത്മഹത്യ ചെയ്തു എന്ന നിലയിലേക്ക് വരുത്തി തീര്‍ക്കാനായിരുന്ന സനു മോഹന്റെ ശ്രമം. എന്നാല്‍ ഒളിവ് ജീവിതം ടൂര്‍ പോലെ ആഘോഷിച്ച സനുമോഹന്റെ തന്ത്രങ്ങള്‍ ഒന്നൊന്നായി പൊലീസ് തകര്‍ത്തു. ഒടുവില്‍ മകളെ ക്രൂരമായി കൊലപ്പെടുത്തിയ സനു മോഹന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോക്സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു.

കങ്ങരപ്പടിയില്‍ സനു മോഹനും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയായിരുന്നു കേസിന്റെ അന്വേഷണത്തില്‍ ആദ്യം പൊലീസിനെ കുഴക്കിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ വൈഗയുടെ മൂക്കിൽനിന്ന് വന്ന രക്തമാണ് ഇതെന്നാണ് സനുമോഹൻ മൊഴി നൽകിയത്.  വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിലേക്കും പൊലീസ് അന്വേഷണം നീണ്ടു. സംഭവത്തിന് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരില്‍ വച്ച് കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കി. ഇതില്‍ ലഹരിവസ്തു കലര്‍ത്തി കുട്ടിയെ ബോധം കെടുത്താന്‍ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടര്‍ന്ന് ഫ്‌ലാറ്റില്‍ എത്തിയ ശേഷം പെണ്‍കുട്ടിയുടെ മുഖത്ത് തുണിയിട്ട ശേഷം ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് മകളുടെ ബോധം പോയി. മകള്‍ മരിച്ചു എന്ന് കരുതിയാണ് പെരിയാറില്‍ കൊണ്ടുപോയി എറിഞ്ഞതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മൊഴികളിലെ വൈരുദ്ധ്യം

കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു സനു മോഹന്റെ മൊഴി. കടബാധ്യത മൂലം താൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. തന്റെ മരണ ശേഷം മകൾ ഒറ്റയ്ക്കാവുമെന്ന ആശങ്കയാണ് കൊലപാതത്തിനു കാരണമായതെന്നാണ് സനു മോഹൻ മൊഴി നല്‍കിയെങ്കിലും ഇത് പൊലീസ് വിശ്വാസത്തിലെടുത്തില്ല. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം താനും ആത്മഹത്യക്ക് പലവട്ടം ശ്രമിച്ചെന്നായിരുന്നു സനുമോഹന്റെ മൊഴി. എന്നാല്‍ കുട്ടി ബാധ്യതയാകുമെന്ന് കണ്ട് കൊലപ്പെടുത്തുകയായിരുന്നു സനു മോഹന്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. 

കാണാതായ അച്ഛനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ നിന്നാണ് സനുമോഹനെ പൊലീസ് പിടികൂടിയത്. ഗോവയിലും കോയമ്പത്തൂരിലുമെല്ലാമായിരുന്നു സനുമോഹന്റെ ഒളിവ് ജീവിതം. കുട്ടി മരിച്ചെന്ന് കരുതി സനുമോഹന്‍ വൈഗയെ പെരിയാറില്‍ എറിയുകയായിരുന്നു. എന്നാല്‍ കുട്ടി മരിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തി.

Enter AMP Embedded Script