വൈഗ കൊലക്കേസ്; സനു മോഹന് ജീവപര്യന്തം

വൈഗ കൊലക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി സനു മോഹന് ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. കൊലപാതകം ഉള്‍പ്പടെ ചുമത്തിയ അഞ്ച് വകുപ്പുകളും തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്തുവയസുള്ള മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലെറിഞ്ഞതാണ് സനു മോഹനെതിരെയുള്ള കുറ്റം. 

കുറ്റവും ശിക്ഷയും ഇങ്ങനെ

കൊലപാതകം:

ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും

മുറിവേല്‍പിക്കലും ലഹരിക്കടിപ്പെടുത്തലും:

10 വര്‍ഷം തടവും 25000 രൂപ പിഴയും

തെളിവുനശിപ്പിക്കല്‍:

5 വര്‍ഷം തടവും 10,000 രൂപ പിഴയും

കുട്ടിയോടുള്ള ക്രൂരത:

10 വര്‍ഷം തടവും 25,000 രൂപ പിഴയും

കുട്ടിയെ മദ്യംകുടിപ്പിക്കല്‍

3വര്‍ഷം തടവും 10,000 രൂപ പിഴയും

കൊലപാതകം ഉള്‍പ്പെടെ 5കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത് ഐപിസി . 302  പ്രകാരം കൊലക്കുറ്റത്തിന് ജീവ പര്യന്തം  തടവും. ഒരു ലക്ഷം രൂപ പിഴയും, ലഹരി പദാര്‍ഥങ്ങള്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഐപിസി 328 പ്രകാരം 10 വര്‍ഷം കഠിന തടവും 25,000രൂപ പിഴയും തെളിവുകള്‍ നശിപ്പിച്ചതിന് ഐപിസി 201 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകെ 28 വര്‍ഷത്തേക്ക് കഠിനതടവാണ് കോടതി വിധിച്ചിട്ടുള്ളത്. ഒന്നേമുക്കാല്‍ ലക്ഷം പിഴയായി ഒടുക്കണം. ശിക്ഷ വിധിക്കുംമുന്‍പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ പ്രായമായ അമ്മ ഉണ്ടെന്നാണ് പ്രതി കോടതിയോട് പറഞ്ഞത്. 

2021 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകള്‍ വൈഗയെ പിതാവ് സനുമോഹന്‍ കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തൊട്ടടുത്ത ദിവസം കുഞ്ഞിന്‍റെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. 

പൊലീസ് അന്വേഷണത്തെ തുടർന്ന് പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച് നാടുവിട്ടു. ഗോവ, കോയമ്പത്തൂര്‍, മൂകാംബിക എന്നീ സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന പ്രതിയെ ഏപ്രില്‍ 18നാണ് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പിടികൂടിയത്. ജൂലൈ 9 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പണം കടം വാങ്ങിയവരെ കബളിപ്പിച്ച് മറ്റൊരാളായി ജീവിക്കാൻ തീരുമാനിച്ച സനുമോഹൻ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് 240 പേജുള്ള കുറ്റപത്രത്തില്‍ ഉള്ളത്. കൊലക്കുറ്റം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 328, 201 വകുപ്പുകള്‍ക്കു പുറമെ 77 ജെ ജെ ആക്ട് പ്രകാരമുള്ള കുറ്റവും സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. 1200 പേജുള്ള ഡിജിറ്റല്‍ ഫയലും കുറ്റപത്രത്തോടൊപ്പം തൃക്കാക്കര പോലീസ്, കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്.80ൽ പരം സാക്ഷികളെയാണ് വിസ്തരിച്ചത്.134 രേഖകളും 34 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ഒന്നര വര്‍ഷത്തിലധികം നീണ്ട വിചാരണ  ഡിസംബര്‍ 20 ന് പൂര്‍ത്തിയായി.